സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ ശിവശങ്കറിനെതിരേ കൂടുതല്‍ കുരുക്കുമുറുക്കി അന്വേഷണ ഏജന്‍സികള്‍. എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു അവരുടെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനു വിധേയനായി കൊണ്ടിരിക്കുന്ന ശിവശങ്കറിനെ അനങ്ങാന്‍ അനുവാദിക്കാതെ ചോദ്യശരങ്ങളാണ് അന്വേഷണ ഏജന്‍സി ഉയര്‍ത്തുന്നത്.
സര്‍ക്കാര്‍ പദ്ധതികളില്‍ സംസ്ഥാനത്തുമുഴുവന്‍ ഇന്റര്‍നെറ്റ് വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ട കെ ഫോണും മറ്റുസ്വപ്ന പദ്ധതികളും സംബന്ധിച്ച ചോദ്യശരങ്ങളും നേരിടുകയാണ് ശിവശങ്കര്‍. പക്ഷേ, കൂടുതല്‍ അവശനായി മൗനം പാലിക്കുകയും ചിലതിനു മാത്രം മറുപടി നല്‍കുകയും ചെയ്യുന്ന രീതിയിലേക്കു ശിവശങ്കര്‍ മാറി കഴിഞ്ഞു.
ശിവശങ്കര്‍ കൈവച്ച സ്വപ്ന പദ്ധതികളെ മുഴുവന്‍ പൊളിച്ചടുക്കാനുള്ള നീക്കമാണ ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് നടത്തുന്നത്. ഇതില്‍ നിന്നെല്ലാം ആര്‍ക്കെല്ലാം കമ്മീഷന് കിട്ടി. ശിവശങ്കറിന് എന്ത് കിട്ടി. ശിവശങ്കര്‍ മുഖാന്തരം കമ്മീഷന് കിട്ടിയ മറ്റുള്ളവര്‍ ആരെല്ലാം ഇതെല്ലാം പുറത്തു കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നാലു പ്രധാനപ്പെട്ട പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ നീക്കം ആരംഭിച്ചു. ഡൗണ്ടൗണ്, കെ ഫോണ്‍, ഇ മൊബിലിറ്റി ,സ്മാര്‍ട്ട് സിറ്റി എന്നീ പദ്ധതികളെ കുറിച്ചാണ് ഇഡി അന്വേഷിക്കുക.
പദ്ധതികളുടെ വിശദാംശങ്ങള്‍ ആരാഞ്ഞു ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റ് കത്തയച്ചതും ശിവശങ്കറിനെയും ഇതിലൂടെ മറ്റു ആനുകൂല്യം കൈപ്പറ്റിയവരെയും കൈയാമം ചെയ്യാനുമാണ്. ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ച ലൈഫ്മിഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നേരത്തെ ഇഡി.തേടിയിരുന്നു.
ഇതിനു പിന്നാലെയാണ് മറ്റു പദ്ധതികളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച അന്വേഷണവും ഇഡി വിപുലമാക്കിയിട്ടുണ്ട്. പദ്ധതികളുടെ വിശദാംശങ്ങള്‍ ചോദിച്ച് നല്കിയ കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടിക്കനുസൃതമായിട്ടായിരിക്കും ഇഡിയുടെ തുടര്‍നടപടി.
പദ്ധതികളുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തല്‍. എം. ശിവശങ്കറിന് പുറമേ മറ്റ് ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ടെന്നാണ് വിവരം.
സ്വപ്ന പദ്ധതികളുടെ മറവില്‍ ശിവശങ്കറുമായി ബന്ധപ്പെട്ട ചിലര്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടവും നടത്തിയതായി എന്‍ഫോഴ്സ്മെന്റിന് വിവരം ലഭിച്ചതായാണ് സൂചന. എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ അന്വേഷണം സ്വര്‍ണക്കടത്ത് കേസിന് അപ്പുറത്തേക്ക് സര്‍ക്കാരിനെതിരെ നീളുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ കാറ്റാടിപ്പാടത്തു കോടികളുടെ ബെനാമി നിക്ഷേപം ശിവശങ്കര്‍ നടത്തിയതായി എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ തേടിയുള്ള യാത്രകളും എന്‍ഫോഴ്സ്മെന്റ് നടത്തി വരുന്നു.
ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴികളില്‍ നിന്നാണ് ആദ്യ സൂചനകള്‍ ലഭിച്ചത്. സ്വപ്നയുടെ രഹസ്യ ലോക്കര്‍ വിവരങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍, കുറച്ചുകാലം നാഗര്‍കോവിലിലേക്കു മാറിനില്ക്കാന് വേണുഗോപാലിനോടു ശിവശങ്കര്‍ നിര്‍ദേശിക്കുന്ന വാട്സ് ആപ് ചാറ്റുകള്‍ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു.