വീട്ടിൽ ഭക്ഷണം കഴിക്കുന്ന പാത്രത്തിൽ എന്തെങ്കിലുമൊന്നു ബാക്കിവച്ചാൽ പിന്നെയുണ്ടാകുന്ന പുകിൽ പറയണ്ടല്ലോ.
എന്നാൽ, ചൈനയിൽ പോയി ഭക്ഷണം കഴിക്കുന്പോൾ പ്ലേറ്റ് കാലിയാക്കിയാലാണ് പുകിലാവുക. ഓരോ നാടിനും അവരുടേതായ ഭക്ഷണ രീതികളും തീന്മേശ മര്യാദകളുമുണ്ട്. അവയിൽ രസകരമായ ചില രീതികൾ പരിചയപ്പെടാം.
* പ്ലേറ്റിലെ ബാക്കി…
നമ്മുടെ നാട്ടിലും പാശ്ചാത്യരാജ്യങ്ങളിലുമെല്ലാം പ്ലേറ്റിൽ ഭക്ഷണം ബാക്കിവയ്ക്കുന്നത് അത്ര നല്ല ശീലമായിട്ടല്ല കണക്കാക്കുന്നത്. എന്നാൽ, ചൈനയിൽ ഭക്ഷണം ബാക്കിവച്ചില്ലെങ്കിൽ പണി പാളും. ഭക്ഷണം കഴിച്ചാൽ അൽപമെങ്കിലും പ്ലേറ്റിൽ ബാക്കി വയ്ക്കുന്നതാണ് അവരുടെ രീതി.
മറിച്ചായാൽ നമുക്കു ഭക്ഷണം മതിയായില്ലെന്നാണ് അർഥം. അതുകൊണ്ടു ഭക്ഷണം മതിയായെന്നും നിങ്ങൾ സംതൃപ്തരാണെന്നും കാണിക്കാൻ ഒരല്പം പ്ലേറ്റിൽ ബാക്കിവയ്ക്കണം.
ചൈനയിൽ ആരുടെയെങ്കിലും വീട്ടിൽ അതിഥിയായി പോകാൻ ഇടവന്നാൽ അവിടെനിന്നു ഭക്ഷണം കഴിക്കുന്പോൾ ഇക്കാര്യം മനസിൽ സൂക്ഷിക്കുക.
* നൂഡിൽസ് നൂഡിൽസ്
പരസ്യത്തിലൊക്കെ കാണുന്നതുപോലെ നൂഡിൽസ് ശബ്ദമുണ്ടാക്കി കഴിക്കാൻ നമ്മൾ എല്ലാവരും ശ്രമിച്ചിട്ടുണ്ടാകും. ചിലർക്കെങ്കിലും ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുന്നതിനു നല്ല വഴക്കും കിട്ടിയിട്ടുണ്ടാകും.
എന്നാൽ, ശബ്ദം കേൾപ്പിച്ചു ഭക്ഷണം കഴിക്കുന്നതു കാഴ്ചക്കാരിൽ പലർക്കും അരോചകമാണ്. എന്നാൽ, ജപ്പാനിൽ നിങ്ങൾക്കു യഥേഷ്ടം ശബ്ദമുണ്ടാക്കി നൂഡിൽസ് കഴിക്കാം.
അവിടെ അങ്ങനെയാണ് കഴിക്കേണ്ടതും. നിങ്ങൾ ഭക്ഷണം നന്നായി ആസ്വദിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് ഈ ശബ്ദം. മാത്രമല്ല ഇങ്ങനെ കഴിക്കുന്നതു ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാൻ സഹായിക്കുമെന്നും അവർ പറയുന്നു.
* ഉപ്പ് വേണ്ടേ വേണ്ട
നല്ല ചൂട് സൂപ്പിലേക്ക് ഒരല്പം ഉപ്പും കുരുമുളകും കൂടി ചേർത്തു കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരുണ്ട്? എന്നാൽ നമ്മുടെ ഇഷ്ടമൊക്കെ ഇങ്ങ് നാട്ടിൽ മതി.
ഈജിപ്തിൽ പോയി ഈ ഇഷ്ടം എടുക്കരുത്. ഭക്ഷണത്തിൽ നമ്മൾ വീണ്ടും ഉപ്പു ചേർക്കുന്നതു വലിയ അപമാനമായാണ് ഈജിപ്തിലെ ആതിഥേയരും പാചകക്കാരുമൊക്കെ കാണുന്നത്. ഒന്നാലോചിച്ചാൽ അവരുടെ ഭാഗത്തു തെറ്റില്ല.
കാരണം ഒരു ഭക്ഷണത്തിന്റെ രുചിക്കനുസരിച്ചാണല്ലോ അതു പാകം ചെയ്യുന്നയാൾ ചേരുവകൾ ചേർക്കുന്നത്. അപ്പോൾ പിന്നെ അതിലേക്കു നമ്മൾ നമ്മുടെ രീതിക്ക് ഉപ്പും മധുരവുമൊക്കെ ചേർത്താലോ. അതുറപ്പായും ആ വിഭവത്തിന്റെ രുചി മാറ്റും.
അതുകൊണ്ട് ഈജിപ്തിൽ പോയാൽ ഉപ്പു ചോദിക്കരുത് എന്ന കാര്യം മനസിൽ സൂക്ഷിക്കുക. റസ്റ്ററന്റിലെ ടേബിളിൽ സാൾട്ട് ആൻഡ് പെപ്പർ ഷേക്കേഴ്സ് കണ്ടില്ലെങ്കിലും ഇക്കാര്യം ഓർക്കുക.
* മീൻ കഴിക്കാം പക്ഷേ മറിക്കരുത്
മീൻ കഴിക്കാമെങ്കിൽ പിന്നെ മറിച്ചാൽ എന്താ എന്നാകും ഇപ്പോൾ ചിന്തിക്കുന്നത്. സംഗതി സിംപിളാണ്. ചൈനയിലെ ചില പ്രദേശങ്ങളിലെ വിശ്വാസപ്രകാരം മീൻ മറിക്കുന്നതു മറ്റൊരാൾക്കു നേരെ മുഖം തിരിക്കുന്നതിനു തുല്യമാണ്. മീൻ മറിക്കുന്നതു മത്സ്യബന്ധന ബോട്ടുകൾ കടലിൽ മറിയാൻ പോകുന്നതിന്റെ സൂചനയാണെന്നും ഇവർ വിശ്വസിക്കുന്നു.
നിങ്ങളുടെ ആതിഥേയരുടെ വിശ്വാസം എന്തുതന്നെയുമാകട്ടെ, തുറിച്ചു നോട്ടങ്ങൾ ഒഴിവാക്കണമെങ്കിൽ ചൈനയിൽ പോയി മീൻ മറിക്കാതെയിരിക്കുക മാത്രമാണ് ഏക മാർഗം.
* ചിയേഴ്സ് വേണ്ട
സത്കാരങ്ങളിലും ഒത്തുചേരലുകളിലും മദ്യം കഴിക്കുന്പോൾ ചിയേഴ്സ് പറയുന്നതു പലരാജ്യങ്ങളിലും തീന്മേശമര്യാദയുടെ ഭാഗമാണ്.
എന്നാൽ, ഹംഗറിയിൽ ചിയേഴ്സ് പറഞ്ഞാൽ നിങ്ങൾ ഒരുപക്ഷേ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടേക്കാം. 1848 മുതലാണ് ഹംഗറിയിൽ ചിയേഴ്സിനും ഗ്ലാസ് മുട്ടിക്കലിനും അന്ത്യം കുറിച്ചത്.
ഹംഗറിയിലെ വിമതരെ വധിച്ച ശേഷം ഓസ്ട്രിയൻ നേതാക്കൾ പരസ്യമായി ഗ്ലാസുകൾ മുട്ടിച്ചു ചിയേഴ്സ് പറഞ്ഞ് ആ വധത്തെ ആഘോഷിച്ചു.
ഇതിനോടുള്ള പ്രതിഷേധ സൂചകമായാണ് ഹംഗറിയിൽ ചിയേഴ്സ് നിരോധിച്ചത്. 2000ഒാടെ നിരോധനം അവസാനിച്ചുവെന്നു ചിലർ പറയുന്നുണ്ടെങ്കിലും ഹംഗറിയുടെ പല ഭാഗങ്ങളിലും ഇന്നും ഈ നിരോധനം നിലവിലുണ്ട്.
– മിസ് ലിയോ