തലശേരി: കാൽനൂറ്റാണ്ട് കാലത്തെ കഠിന പ്രയത്നത്തിനൊടുവിൽ എൺപത്തിരണ്ടുകാരനായ ഞാറ്റ്യാല ശ്രീധരന് ഇത് സ്വപ്ന സാക്ഷാത്കാരം. ദ്രാവിഡ ഭാഷാ ചരിത്രത്തിലാദ്യമായി തെന്നിന്ത്യൻ ഭാഷകളെയാകെ സമന്വയിപ്പിച്ച് അദ്ദേഹം രചിച്ച ചതുർഭാഷ നിഘണ്ടു പ്രകാശനം ചെയ്തു.
മലയാളം, കന്നഡ, തമിഴ്, തെലുങ്കു ഭാഷകളിലെ ഒന്നേകാൽ ലക്ഷത്തിലേറെ വാക്കുകൾ സമന്വയിപ്പിച്ചു രൂപപ്പെടുത്തിയ ഈ ഗ്രന്ഥം ഗുണ്ടർട്ട് നിഘണ്ടുവിനു ശേഷം തലശേരി കൈരളിക്ക് സമ്മാനിച്ച അമൂല്യ ഭാഷാനിധിയായി.
മലയാളപദങ്ങളുടെ വ്യത്യസ്ത അർഥങ്ങൾക്കുപുറമെ കന്നഡ ,തമിഴ്, തെലുങ്കു ഭാഷകളിൽ അവയുടെ അർഥവും ഉച്ചാരണവും മലയാളത്തിൽ നൽകിയിട്ടുള്ള വിശേഷ നിഘണ്ടുവാണിത്.
നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകളും പുതുതായി പ്രയോഗത്തിലുള്ള പദങ്ങളും നിഘണ്ടുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭാഷകൾ പഠിച്ചു
തലശേരി വയലളം സ്വദേശിയായ ഈ എൺപത്തിരണ്ടുകാരൻ ഏഴാം ക്ലാസുവരെയെ പഠിച്ചിട്ടുള്ളു. ചെറുപ്പത്തിൽ കുറെക്കാലം പാലക്കാട്ടെ ഒരു ബീഡിക്കമ്പനിയിൽ ജോലിചെയ്തിട്ടുണ്ട് .ആ കാലയളവിലാണ് തമിഴ് പഠിച്ചത്.
പിന്നീട് ജലസേചനവകുപ്പിൽ ജോലി ലഭിച്ചു. അവിടെവച്ചാണ് നിഘണ്ടുവിന്റെ ആശയം ലഭിച്ചത്. നിർമലഗിരി കോളജിലെ പ്രഫ.ടി.പി.സുകുമാരനാണ് നിഘണ്ടുവിനു നിർദേശങ്ങൾ നൽകിയതെന്നു ശ്രീധരൻ പറഞ്ഞു.
1994ൽ ജോലിയിൽ വിരമിച്ചശേഷം മുഴുവൻ സമയവും ഇതിനായി മാറ്റിവച്ചു. സഹപ്രവർത്തകനായിരുന്ന ഗോവിന്ദ നായിക്കിൽനിന്നു കന്നഡയും തളിപ്പറമ്പിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തിലെ ഈശ്വർ പ്രസാദിൽനിന്നു തെലുങ്കും പഠിച്ചു.
പിന്നീട് കുറച്ചുദിവസം ബംഗളൂരു, മൈസൂരു, ആന്ധ്രയിലെ നെല്ലൂർ എന്നീ സ്ഥലങ്ങളിൽ പോയി താമസിച്ചു നിഘണ്ടുവിനായി പ്രവർത്തിച്ചു.
അപ്രതീക്ഷിതം
നിഘണ്ടുവിന്റെ ജോലി ഏതാനും വർഷം മുന്പേ പൂർത്തിയാക്കിയിരുന്നെങ്കിലും പ്രസിദ്ധീകരണ ചുമതല ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. അതിനിടയിൽ മലയാളം -തമിഴ് നിഘണ്ടു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു.
അത് എട്ടുവർഷം മുമ്പായിരുന്നു. അതിനിടെ കേരള സീനിയർ സിറ്റിസൺ ഫോറം ജനറൽ സെക്രട്ടറിയും കൂത്തുപറമ്പ് സ്വദേശിയുമായ പി.കുമാരൻ ഈ നിഘണ്ടുവിന്റെ കൈയെഴുത്ത് പ്രതി കാണാനിടയായി.
അതിന്റെ പ്രാധാന്യം ബോധ്യപ്പെട്ട അദ്ദേഹമാണ് സീനിയർ സിറ്റിസൺ ഫോറത്തിന്റെ പേരിൽ ഈ നിഘണ്ടുവിന്റെ പ്രസിദ്ധീകരണ ചുമതല ഏറ്റെടുത്തത്.
കർണാടകം, തമിഴ്നാട് , ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ജീവിക്കുന്ന മലയാളികൾക്കെന്ന പോലെ ഭാഷാപഠന വിദ്യാർഥികൾക്കും ഈ നിഘണ്ടു വളരെ ഉപകാര പ്രദമാകുമെന്നു സീനിയർ സിറ്റിസൺ ഫോറം ഭാരവാഹികൾ പറഞ്ഞു.