കലാപം മൂലം വിവാഹം മാറ്റിവച്ച ചെറുപ്പക്കാരുടെ കണ്ണീരില്‍ കാഷ്മീര്‍ വിറങ്ങലിച്ചു. ഇങ്ങനെയൊരു വാര്‍ത്ത അടുത്ത ദിവസങ്ങളില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. കശ്മീരില്‍ ചൊവ്വാഴ്ച ഇറങ്ങിയ പത്രങ്ങളുടെ കഌസിഫൈഡ് പേജില്‍ നിറഞ്ഞു നിന്നത് വിവാഹങ്ങള്‍ മാറ്റിവെച്ചതും വിവാഹ ക്ഷണങ്ങള്‍ റദ്ദാക്കിയതുമായ അറിയിപ്പുകളായിരുന്നു. ക്ഷണം റദ്ദാക്കി വിവാഹം ലളിതമായി നടത്തുന്നതായും അറിയിപ്പുകളുണ്ടായിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട കശ്മീരില്‍ ജനജീവിതം താളംതെറ്റുന്നതിന്റെ നേര്‍ചിത്രമാണ് അറിയിപ്പുകള്. നാലു ദിവസമായി കര്‍ഫ്യൂ തുടരുന്ന കശ്മീരില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ അടക്കം റദ്ദാക്കിയിരിക്കുകയാണ്. ഇതോടെയാണ് പലരും കല്യാണം മാറ്റിവച്ച വിവരം പരസ്യമായി പത്രങ്ങളില്‍ നല്‍കിയത്.
കലാപം നീണ്ടു നില്‍ക്കുന്നതോടെ കൂടുതല്‍ വിവാഹങ്ങള്‍ മാറ്റിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ഗ്രേറ്റര്‍ കശ്മീരിന്റെ രണ്ടാം പേജില്‍ വിവാഹ ക്ഷണങ്ങള്‍ റദ്ദാക്കിയത് അറിയിച്ചുകൊണ്ടുള്ള പരസ്യങ്ങളുടെ നീണ്ടനിരയാണ് ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ടത്. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്ഷണം റദ്ദാക്കി വിവാഹം ലളിതമായി നടത്തുന്നതായാണ് കൂടുതല്‍ അറിയിപ്പുകളും. ജൂലൈ 14മുതല്‍ 17 വരെ നടക്കാനിരുന്ന വിവാഹങ്ങളും പരിപാടികളുമാണ് റദ്ദാക്കിയത്. റമദാന് കഴിഞ്ഞതിന് ശേഷം നിരവധി വിവാഹങ്ങളാണ് തീരുമാനിച്ചിരുന്നത്. മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് കശ്മീരിലെ പ്രധാന കല്യാണ സീസണ്. എന്തായാലും കലാപം ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് അടുത്തമാസം കെട്ടാന്‍ പോകുന്നവര്‍.