പത്തനംതിട്ട: ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരേയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കിയതിനു പിന്നില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടല്‍.
കിട്ടാനുള്ള മുഴുവന്‍ പണവും ലഭിച്ചതോടെ പരാതിക്കാരനായ ഹരികൃഷ്ണന് ആറന്മുള പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കുകയായിരുന്നു.
പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പണം കൊടുത്ത് കേസ് തീര്‍പ്പാക്കിയത്. മുഴുവന്‍ പണവും ലഭിച്ചെന്നും എഫ്ഐആര്‍ റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചുവെന്നും പരാതിക്കാരനായ ഹരികൃഷ്ണന് പറഞ്ഞു.
24 ലക്ഷം രൂപയാണ് ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഹരികൃഷ്ണനു നല്‍കിയതെന്നു പറയുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരന്റെയും ആരോപണ വിധേയരായവരുടെയും
ബാങ്ക് അക്കൗണ്ടുകളുടെ വിവരംതേടി അന്വേഷണ സംഘം ബാങ്കുകള്‍ക്ക് കത്തയച്ചതിനു പിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പായത്.
പാലക്കാട് സ്വദേശി വിജയന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഭാരത് ബയോടെക്നോളജീസ് എന്ന കമ്പനിയില്‍ നിക്ഷേപിച്ച പണം സംബന്ധിച്ചാണ് പരാതി ഉണ്ടായത്.
കുമ്മനം രാജശേഖരന്റെ കൂടി അറിവോടെയാണ് താന്‍ നിക്ഷേപം നടത്തിയതെന്നായിരുന്നു ഹരികൃഷ്ണന്റെ മൊഴി. ഇതേത്തുടര്‍ന്ന് കുമ്മനത്തെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.