കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ തയാറാക്കുന്നു.
വയനാട് കളക്ടറേറ്റിലെ ഉദ്യോഗസ്ഥനെതിരേയാണ് ലുക്കൗട്ട് സര്‍ക്കുലര്‍ തയാറാക്കുന്നത്. മെഡിക്കല്‍ കോളജില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തിലാണ് നടപടി.
ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്കിയ മൊഴി. പ്രതികളിലോരാളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
വയറുവേദനയുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് പതിനാറ് വയസുകാരി ഗര്‍ഭിണിയാണെന്ന വിവരമറിയുന്നത്. ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
രണ്ടു ദിവസത്തിനുശേഷം പെണ്‍കുട്ടി പ്രസവിച്ചു. വയനാട് കളക്ടറേറ്റില്‍ വിദ്യാഭ്യാസവകുപ്പില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ പീഡിപ്പിച്ചുവെന്ന് കുട്ടി മെഡിക്കല്‍കോളജ് പോലീസിന് മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. വട്ടക്കിണര്‍ സ്വദേശി നൗഷാദ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ വയനാട് മുട്ടിലിലുള്ള സര്‍ക്കാരുദ്യോഗസ്ഥന്റെ വീട്ടിലെത്തിക്കുകായിരുന്നു. തുടര്‍ന്ന് ഇയാളടക്കം മൂന്നുപേര്‍ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി നല്കിയ മോഴി.
അക്ബര്‍ അലി, നൗഷാദ്, പെണ്‍കുട്ടിക്ക് നേരില്‍ കണ്ടാല്‍ തിരിച്ചറിയാനാകുന്ന നൗഷാദിന്റെ മറ്റൊരു സുഹൃത്ത് എന്നിവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.
പിന്നീട് അന്വേഷണം വനിതാ സെല്‍ സിഐ കെ.എം. ലീലയ്ക്ക് കൈമാറുകയായിരുന്നു. സംഭവത്തിന് ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇപ്പോള്‍ ശിശുക്ഷേസമ സമിതിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടിയും കുഞ്ഞും.