കോഴിക്കോട്: ലൈഫ് ക്രമക്കേടില്‍ സിബിഐയുടെ തുടരന്വേഷണത്തെ വീക്ഷിച്ചു സംസ്ഥാന സര്‍ക്കാര്‍. യൂണിടാക്ക് ബില്‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പനില്‍നിന്നു സമ്മാനമായി ലഭിച്ച ഐഫോണ്‍ ശിവശങ്കര്‍ ഉപയോഗിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച രേഖയും വിജിലന്‍സ് കേസില്‍ ശിവശങ്കറിനെ പ്രതിയാക്കിയതും സിബിഐക്ക് ഏറെ സഹായകമായ ഘടകങ്ങളാണ്.
അതേസമയം സിബിഐ അന്വേഷണത്തെ കോടതി നിലവില്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ നീക്കുന്നതുള്‍പ്പെടെയുള്ള സിബിഐയുടെ അടുത്ത നടപടികളെയാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്.
സമ്മാനമായി ലഭിച്ച ഐഫോണ്‍ ശിവശങ്കര്‍ ഉപയോഗിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. ഇത് വിദേശസഹായ നിയന്ത്രണ ചട്ടത്തിന്റെ ലംഘനമാണെന്നാണ് സിബിഐ പറയുന്നത്.
ഇതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് ഇന്നലെ ശിവശങ്കറിനെ പ്രതിചേര്‍ത്തത്. ഇതു സിബിഐ അന്വേഷണത്തെ തടയുന്നതിനുവേണ്ടി മുന്‍കൂട്ടി നടത്തിയ നീക്കമാണെന്നും ആരോപണമുയര്‍ന്നിരുന്നു.
ലൈഫ് മിഷന് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടുള്ള അന്വേഷണം പുരോഗമിക്കുകയാണെങ്കില്‍ ഇപ്പോള്‍ ശിവശങ്കര്‍ പ്രതിയാകുമെന്നു സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. ശിവശങ്കര്‍ വഴി പലരിലേക്കും അന്വേഷണം നീളുമായിരുന്നു.
മന്ത്രിസഭയിലെ തന്നെ പലരെയും ചോദ്യം ചെയ്യേണ്ടതായും വരും.
സിബിഐ ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ മുഖച്ഛായയ്ക്കു മങ്ങലേല്‍ക്കും.
പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ ഈ സംഭവങ്ങള്‍ ആയുധമാക്കാനും സാധ്യതയേറെയാണ്. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് വിജിലന്‍സ് “ഓപ്പറേഷന്’.
ഒരേ കേസില്‍ രണ്ട് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കേണ്ടതില്ലെന്നും സംസ്ഥാന വിജിലന്‍സിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതിയില്‍ വാദിക്കാം. ഇപ്രകാരം വാദമുയര്ത്തുന്നതോടെ സിബിഐ അന്വേഷണത്തെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
അതേസമയം, വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ ലംഘനങ്ങള്‍ അന്വേഷിക്കാനുള്ള അധികാരമുണ്ടെന്ന വാദമാണ് സിബിഐ ഉന്നയിക്കുന്നത്. ഈ അധികാരമുപയോഗിച്ചു കേസില്‍ പിടിമുറക്കാനാണ് സിബിഐ നീക്കം.
കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സിബിഐക്കു പൂര്‍ണ പിന്തുണ നല്‍കിയതായാണ് വിവരം. സിബിഐ ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശം ലഭിച്ചാല്‍ ലൈഫ് ക്രമക്കേടില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നു നിയമ വിദഗ്ധര്‍ അറിയിച്ചു.