മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു രാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ 12 അംഗ പോലീസ് സംഘം പോലീസ് അർണബുമായി ഏറെ നേരം കലഹിച്ചതായും തുടർന്ന് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
പോലീസ് തന്നെ മർദിച്ചതായും മുടി പിടിച്ച് വലിച്ചിഴച്ചുവെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇന്റീരിയല്‍ ഡിസൈനര്‍ അന്വെ നായ്ക്കിന്റെയും മാതാവ് കുമുന്ദ് നായ്ക്കിന്റെയും മരണവുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റഡിയിലെടുത്തത്. 2018 മേയിലാണ് കേസിന് ആസ്പദമായ സംഭവം. അന്വെ നായികും മാതാവും ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇതിന് പ്രേരകമായത് അര്‍ണബ് ആണെന്നാണ് കേസ്. അന്‍വെയുടെ ആത്മഹത്യാ കുറിപ്പില്‍ അര്‍ണബ് ഗോസ്വാമിയുടെയും മറ്റു വ്യക്തികളുടെയും പേര് സൂചിപ്പിച്ചിരുന്നു.
തനിക്ക് ലഭിക്കാനുണ്ടായിരുന്ന 5.40 കോടി രൂപ അര്‍ണബും മറ്റു രണ്ടുപേരു നല്‍കിയില്ലെന്നും അതുകാരണം താന്‍ കടുത്ത സാന്പത്തിക പ്രയാസത്തിലായി എന്നുമാണ് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്.
2018ല്‍ അലിബാഗ് പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് അർണബിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അര്‍ണബിനെ കൂടുതൽ ചോദ്യം ചെയ്യാനായി അലിബാഗിലേക്ക് കൊണ്ടുവന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവം അറിഞ്ഞ് വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവി സംഘത്തെ പോലീസ് തടഞ്ഞു.