കെ.ഷിന്റുലാല്‍
കോഴിക്കോട്: വയനാട്ടില്‍ ബാണാസുര വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റ് വേല്‍മുരുകന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.പ്രസന്നന്, അഡീഷണല്‍ പ്രഫ. സുജിത്ത് ശ്രീനിവാസ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.
ഇന്നലെ മോര്‍ച്ചറയില്‍ എത്തിച്ച മാവോയിസ്റ്റിന്റെ മൃതദേഹത്തില്‍ നിന്ന് സ്വാബ് ശേഖരിച്ച് കോവിഡ് പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനാ ഫലം ലഭിച്ച ശേഷം നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പ് മൃതദേഹത്തില്‍ പ്രാഥമിക പരിശോധന നടത്തും. തുടര്‍ന്ന് മെഡിക്കല്‍കോളജിലെ റേഡിയോളജി വിഭാഗത്തില്‍ എത്തിച്ച് എക്സറേ എടുക്കും.
ശരീരത്തില്‍ വെടിയുണ്ടകള്‍ തറച്ചത് എവിടെയാണെന്ന് കണ്ടെത്തുന്നതിനാണ് എക്സറേ എടുക്കുന്നത്. മുറിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം വെടിയുണ്ടകള്‍ കണ്ടെത്തുക പ്രയാസമാണ്.
മുറിവില്‍ നിന്ന് മാറി ചിലപ്പോള്‍ വെടിയുണ്ട ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. അതിനാലാണ് എക്സറേ എടുക്കുന്നത്.
എക്സറേയില്‍ വെടിയുണ്ട കണ്ടെത്തിയാല്‍ ആ ഭാഗത്തുനിന്ന് വെടിയുണ്ട മാറ്റും. കണ്ടെത്തുന്ന വസ്തുക്കള്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കാണ് അയയ്ക്കുക. തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിക്കുക.
വെടിയുണ്ടകള്‍ എങ്ങനെ പതിച്ചു ?
പോലീസുമായുള്ള ഏറ്റമുട്ടലിനെ തുടര്‍ന്നാണ് മാവോയിസ്റ്റ് മരിച്ചതെന്നാണ് പോലീസിന്റെ വാദം. അതേസമയം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവും ശക്തമാണ്.
ഈ സാഹചര്യത്തില്‍ മരിച്ചയാളുടെ മൃതദേഹത്തില്‍ വെടിയുണ്ടകള്‍ എങ്ങനെയാണ് പതിച്ചതെന്നത് ഏറ്റവും പ്രധാനഘടമാണ്. വെടിയുണ്ടകള്‍ ശരീരത്തില്‍ എവിടെയാണുള്ളതെന്നാണ് ആദ്യം കണ്ടെത്തുക. പിന്നീട് വെടിയുണ്ട ശരീരത്തിലേക്ക് പ്രവേശിച്ച രീതി വിശദമായി പരിശോധിക്കും.
വെടിവയ്പ്പ് നടക്കുമ്പോള്‍ പോലീസിന്റെയും മാവോയിസ്റ്റിന്റെയും സ്ഥലം വ്യക്തമാവും. മാവോയിസ്റ്റുകള്‍ കുന്നിന് മുകളിലായിരുന്നോ താഴ്വരയിലായിരുന്നോ അല്ലെങ്കില്‍ പോലീസിന് സമാന്തരമായ സ്ഥലങ്ങളിലായിരുന്നോ എന്നത് പരിശോധനയിലൂടെ വ്യക്തമാവും.
മൃതദേഹത്തില്‍ നിന്ന് കണ്ടെത്തുന്ന വെടിയുണ്ട പോലീസ് ഉപയോഗിക്കുന്ന തോക്കില്‍ നിന്നുതിര്ത്തതാണോയെന്നും കണ്ടെത്തേണ്ടതുണ്ട്.
എന്‍ട്രി വൂണ്ടും എക്സിറ്റ് വൂണ്ടും
വെടിയുണ്ട ശരീരത്തില്‍ പ്രവേശിച്ച ഭാഗവും (എന്‍ട്രി വൂണ്ഡ്) പുറത്തേക്ക് കടന്ന ഭാഗവും (എക്സിറ്റ് വൂണ്ട്) പോസ്റ്റ്മോര്‍ട്ടം റിപ്പോട്ടിലെ സുപ്രധനമായ തെളിവുകളാണ്.
പോലീസുമായുള്ള ഏറ്റുമുട്ടലാണെങ്കില്‍ നേര്‍ക്കുനേര്‍ നിന്നാണ് വെടിവയ്പ്പുണ്ടാവുക. അങ്ങനെയാണെങ്കില്‍ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചു കയറുന്നത് മുന്‍ഭാഗത്തു കൂടിയായിരിക്കും.
എന്നാല്‍ മാവോയിസ്റ്റുകള്‍ തിരിഞ്ഞോടുമ്പോള്‍ വെടിവച്ചതാണെങ്കില് പുറകിലായിരിക്കും വെടിയുണ്ട പതിച്ചിട്ടുണ്ടാവുക. വ്യാജ ഏറ്റുമുട്ടലിലേക്കാണ് ഈ തെളിവുകള്‍ വിരല്‍ ചൂണ്ടുക.
ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. എത്ര ദൂരെ നിന്നാണ് വെടിയേറ്റതെന്നും കണ്ടെത്താന്‍ സാധിക്കും.
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയോ ?
മാവോയിസ്റ്റിനെ കൊല്ലണമെന്ന ഉദ്യേശത്തോടു കൂടി വെടിവച്ചതാണോയെന്നും പോസ്റ്റ്മോര്‍ട്ടത്തിലൂടെ വ്യക്തമാകും. പോയിന്റ്് ബ്ലാങ്കില്‍ വച്ചാണോ വെടിവച്ചതെന്നതുള്പ്പെടെ വ്യക്തമായ വിവരം വെടിയേറ്റ ഭാഗത്തെ മുറിവുകളില്‍ നിന്ന് കണ്ടെത്താം. കൂടാതെ നിലത്ത് വീണുകിടക്കുമ്പോള്‍ വെടിവെച്ചതാണോയെന്നും ഇതുവഴി വ്യക്തമാകും.
സീന്‍ എക്സാമിനേഷന്
ഏറ്റമുട്ടല്‍ സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് വിഭാഗം സംഭവസ്ഥലം പരിശോധിക്കും. പോലീസ് വെടിയുതിര്‍ത്തെന്ന് പറയുന്ന സ്ഥലത്ത് നിന്നു വെടിവെച്ചാലുണ്ടാവുന്ന മുറിവുകളാണോ മൃതദേഹത്തിലുള്ളതെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കും.
പോസ്റ്റ്മോര്‍ട്ടം പകര്‍ത്തും
പോസ്റ്റ്മോര്‍ട്ടം നടത്തുന്നത് പൂര്‍ണമായും വീഡിയോ റിക്കാർഡ് ചെയ്യും. ദേശീയ മനുഷ്യാവകാശകമ്മീഷന് ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതിനാലാണ് പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയത്. കൃത്രിമമായ വെളിച്ചത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ വ്യക്തതക്കുറവുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.
പോസ്റ്റ്മോര്‍ട്ടത്തിന്റെ വീഡിയോ യാതൊരു എഡിറ്റിംഗും കൂടാതെയാണ് മനുഷ്യാവകാശ കമ്മീഷനിലേക്ക് അയയ്ക്കുകയെന്നും ഫോറന്‍സിക് സര്ജന് അറിയിച്ചു.