പുനലൂർ: 2018 മാർച്ച് 23ന് കാണാതാവുകയും 24 ന് കനാലിൽ മരിച്ച നിലയിലും കണ്ടെത്തുകയും ചെയ്ത വെഞ്ചേമ്പ്, അയണിക്കോട് മംഗലത്ത് പുത്തൻവീട്ടിൽ അനിലാൽ – ഗിരിജാ ദമ്പതികളുടെ മകനും ഒന്പതാം ക്ലാസ് വിദ്യാർഥിയുമായ ജിഷ്ണു ലാലിന്റെ ദുരൂഹ മരണത്തിലെ അന്വേഷണം സിബിഐ അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ.
അന്വേഷണം എങ്ങ ുമെത്താതെ തുടരുന്നതും മരണകാരണത്തിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വൈരുധ്യവും അന്വേഷണം വഴിതിരിച്ചുവിടുന്നു.
ദുരൂഹമരണത്തിന് പിന്നിൽ ചിലരുടെ പേരുകൾ പരാമർശിച്ചു എങ്കിലും ഇവരുടെ മൊഴിയെടുക്കാൻ പോലും തയ്യാറായിട്ടില്ല. പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണമെന്ന് പറയുമ്പോഴും അന്നനാളത്തിൽ വെള്ളമെത്തിയിട്ടില്ല എന്നും പറയുന്നുണ്ട്.
മരണം നടന്നതായി പറയുന്ന ദിവസം വീട്ടിൽ കണ്ട രക്തകറയെക്കുറിച്ചും ഒന്നും പറയാതെ അന്വേഷണം നീളുമ്പോൾ കേസ് സിബിഐ യെ ഏൽപ്പിക്കണമെന്ന് പുനലൂരിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇപ്പോൾ അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല എന്നും ഇവർ ആരോപിക്കുന്നു. ഈ ആവശ്യമുന്നയിച്ച് ഏഴിന് രാവിലെ 10ന് പുനലൂർ പോലീസ് സ്റ്റേഷന് മുന്നിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ധർണ നടത്തും.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തിൽ പുനലൂർ ഹരി, ആർ.അജയകുമാർ, അജികുമാർ, ജിഷ്ണുവിന്റെ മാതാപിതാക്കളായ അനിലാൽ, ഗിരിജ എന്നിവരും പങ്കെടുത്തു.