പത്തനംതിട്ട: മണ്ഡല, മകരവിളക്കുകാലം മുതല്‍ ശബരിമലയില്‍ കടകള്‍ നടത്തുന്നതിന് ആളില്ല. ലേലം എടുക്കാന്‍ ആളില്ലാത്തതാണ് പ്രശ്നം. കോവിഡ് പ്രതിസന്ധി കാരണം തീര്‍ഥാടകര്‍ കുറഞ്ഞാല്‍ വരുമാനം നഷ്ടമാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍ ലേലത്തില്‍ നിന്നു വിട്ടുനിന്നത്.
ശനിയാഴ്ച ഓപ്പണ്ലേലം കൂടി നടത്തി നോക്കാനാണ് ബോര്‍ഡ് തീരുമാനം.സന്നിധാനം മുതല്‍ ഇലവുങ്കല്വരെ ഇ ടെന്‍ഡറിലൂടെ ലേലം നിശ്ചയിച്ചപ്പോള്‍ ഒരു ഹോട്ടല്‍ മാത്രമാണ് ഏറ്റെടുക്കാന്‍ ആളുണ്ടായത്.
ഇതോടെയാണ് 159 കടകളുടെ നടത്തിപ്പ് റീ ടെന്‍ഡര്‍ ചെയ്തു. റീ ടെന്‍ഡറില്‍ മൂന്ന് കടകള്‍ കൂടി കരാര്‍ ഉറപ്പിച്ചു. 156 കടകള്‍ ഓപ്പണ്ലേലം നടത്താനാണ് തീരുമാനം. കടകള്‍ ലേലത്തില്‍ പോകാതിരുന്നാല്‍ ദേവസ്വം ബോര്‍ഡിനു കോടികളുടെ നഷ്ടമുണ്ടാകും.
കഴിഞ്ഞവര്‍ഷങ്ങളിലുണ്ടായ പ്രതിസന്ധി കാരണം നഷ്ടത്തിലായ വ്യാപാരികള്‍ ഇത്തവണത്തെ കട ലേലത്തിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
തങ്ങള്‍ക്കുണ്ടായ നഷ്ടത്തിനു പരിഹാരം വേണമെന്നായിരുന്നു അവരുടെ ആവശ്യം. ഒരുവര്‍ഷം കൂടി തങ്ങള്‍ക്കു കടകള്‍ വിട്ടുതരണമെന്നാവശ്യത്തിലാണ് വ്യാപാരികള്‍.