സ്വന്തം ലേഖകന്‍
കോഴിക്കോട്: വയനാട് ബാണാസുര വനത്തില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് വേല്മുരുകന് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. എസ്പി. കെ.വി.സന്തോഷ്, ഡിവൈഎസ്പി വി.വി.ബെന്നി എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വേല്മുരുകനൊപ്പമുണ്ടായിരുന്ന മറ്റുള്ള പ്രതികളെ തിരിച്ചറിയുകയെന്നതാണ് ക്രൈംബ്രാഞ്ചിന്റെ പ്രധാന ദൗത്യം. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മറ്റുള്ള മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവര്‍ അടിയന്തിര ചികിത്സ തേടാനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
കേരള, തമിഴ്നാട്, കര്‍ണാടക പോലീസ് അതിര്‍ത്തികളില്‍ അന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള സാധ്യത വിരളമാണ്.
വനത്തിനുള്ളില്‍ തന്നെ വിശ്രമിക്കാനാണ് സാധ്യത. അതേസമയം വനാതിര്‍ത്തിയുമായി ബന്ധപ്പെട്ടുള്ള ആശുപത്രികളിലും മെഡിക്കല്‍ ഷോപ്പുകളിലും സ്വകാര്യ ക്ലിനിക്കുകളിലും കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ചു വരികയാണ്.
മേഖലയിലെ ആദിവാസി ഊരുകളിലും നിരീക്ഷണം നടത്തുന്നുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലാ അതിര്‍ത്തികളിലേക്കും വയനാടിനോട് ചേര്‍ന്നുള്ള തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.