ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ വനിത ഉദ്യോഗസ്ഥയിൽനിന്നും കണക്കിലധികം പണം കണ്ടെടുത്തു.
റവന്യു ഓഫീസർ സുശീല സൂസൻ, റവന്യു ഇൻസ്പെക്ടർ ശാന്തി എന്നിവരാണ് അറസ്റ്റിലായത്.
റവന്യു ഇൻസ്പെക്ടർ ശാന്തിയുടെ ബാഗിൽ നിന്നും കൈക്കൂലി തുകയായ 5000രൂപ കൂടാതെ കടലാസിൽ പൊതിഞ്ഞ നിലയിൽ പതിനായിരം രൂപയും മറ്റൊരു പൊതിയിലായി സൂക്ഷിച്ച 3500 രൂപയും പിടിച്ചെടുത്തതായി വിജിലൻസ് ഡിവൈഎസ്പി വി.ജി. രവീന്ദ്രനാഥ് പറഞ്ഞു.
ഈ തുകയൊന്നും ശാന്തി ഓഫീസിലെ കാഷ് ഡിക്ലറേഷൻ ബുക്കിൽ ചേർത്തിട്ടില്ലെന്നും എണ്ണൂറു രൂപമാത്രമാണ് ഡിക്ലറേഷനിലുള്ളുവെന്നും ഡിവൈഎസ്പി വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ ഇന്നു വിജിലൻസ് കോടതിയിൽ ഹാജരാക്കും.
കേസുമായി ബന്ധപ്പെട്ട് ഓഫീസിലെ പ്യൂണ്‍ സുരേഷിനെതിരെ കേസ് എടുക്കുമെന്നും ഇയാളുടെ ഡിക്ലറേഷൻ ബുക്കിൽ കയ്യിലുള്ള പണത്തേക്കാളും കൂടുതൽ തുക എഴുതി ചേർത്തിരിക്കുന്നത് സംശയത്തിനിടയാക്കിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം നാലിനാണ് നഗരസഭാ കാര്യാലയത്തിൽ എത്തിയ വിജിലൻസ് സംഘം കൈക്കൂലി വാങ്ങുന്നതിനിടയിൽ വനിതാ ഉദ്യോഗസ്ഥരെ കുടുക്കിയത്.
പ്രവാസി മലയാളിയുടെ പുതിയ വീടിന് മുനിസിപ്പൽ നന്പർ ലഭിക്കുന്നതിനും അതിന്റെ നികുതി കുറച്ചു കൊടുക്കുന്നതിനുമായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് റവന്യു ഓഫീസറും ഇൻസ്പെക്ടറും വിജിലിൻസിന്റെ പിടിയിലായത്.
കെട്ടിടത്തിനു നന്പർ നൽകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തിയ സംഭാഷണങ്ങൾ പരാതിക്കാരൻ മൊബൈലിൽ റെക്കോർഡ് ചെയ്തിരുന്നു. ഇത് വിജിലൻസ് കൈമാറുകയും ചെയ്തിരുന്നു.
വിജിലൻസിന്റെ നിർദേശപ്രകാരം പരാതിക്കാരൻ നഗരസഭയിൽ എത്തി. വിജിലൻസ് നല്കിയ ഫിനോൾഫ്താലിൻ പൗഡർ പുരട്ടിയ അഞ്ഞൂറു രൂപയുടെ പത്തുനോട്ടുകൾ പരാതിക്കാരൻ ഉദ്യോഗസ്ഥർക്ക് കൈമാറി.
തുടർന്ന് ഇവിടെയ്ക്ക് എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ റവന്യു ഓഫീസറെ സമീപിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
പരാതിക്കാരനിൽനിന്നും റവന്യു ഉദ്യോഗസ്ഥർ പണം വാങ്ങി എന്നത് നിഷേധിച്ചപ്പോൾ വിജിലൻസ് കൊണ്ടുവന്ന ലായനിയിൽ റവന്യു ഉദ്യോഗസ്ഥരുടെ കൈ മുക്കിക്കുകയായിരുന്നു.
നിറവ്യത്യാസം വന്നതിനെ തുടർന്ന് ഉദ്യോഗസ്ഥർ പറഞ്ഞത് കളവാണെന്ന് മനസിലാക്കുകയും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വിജിലൻസ് സിഐമാരായ റിജോ പി. ജോസഫ്, എം. റെജി, എ.ജെ. തോമസ്, എസ്ഐമാരായ വിൻസണ്‍ കെ. മാത്യു, തുളസീധരക്കുറുപ്പ്, സ്റ്റാൻലി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.