കോട്ടയം: ഹണിട്രാപ് സംഘത്തിലെ കോട്ടയത്തെ ഗുണ്ടാ തലവൻ അടക്കമുള്ളവർക്ക് ഒളിവിൽ കഴിയാനുള്ള സൗകര്യം ഒരുക്കുന്നത് ഹവാല ഇടപാടുകാരെന്ന സംശയം ഉയരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായവർ മുന്പ് ഹവാല ഇടപാടുകൾ നടത്തിയിരുന്നവർ ആയിരുന്നു. കഴിഞ്ഞ ദിവസം കർണാടകയിൽ നിന്നും പോലീസ് പിടികൂടിയ കണ്ണൂർ തളിപ്പറന്പ് കുറ്റിയാട്ടൂർ മയ്യിൽ നൗഷാദ്(41) മുന്പ് ഹവാല ഇടപാടുകൾ നടത്തിയിരുന്ന ആളാണ്.
നോട്ടുനിരോധനവും പിന്നാലെ ലോക്ഡൗണും എത്തിയതോടെ ഹവാല ഇടപാടുകൾ നടക്കാത്തതിനെ തുടർന്നാണ് കോട്ടയത്തെ ഗുണ്ടാത്തലവനടക്കമുള്ള സംഘമായി ചേർന്ന് ഹണിട്രാപ് പദ്ധതിയിട്ടത്. മൂന്നു വിവാഹം കഴിച്ച നൗഷാദിന്റെ ഇടപാടുകളിൽ ഭാര്യമാരും പങ്കാളികളായിരുന്നു.
മൂന്നാം ഭാര്യയായ തൃക്കരിപ്പൂർ എളന്പച്ചി പുത്തൻപുരയിൽ ഫസീല(34)യും ഇപ്പോൾ പോലീസ് കസ്റ്റഡിയിലുണ്ട്. കോട്ടയം ചിങ്ങവനം സ്വദേശിയെ ഹണിട്രാപിൽ കുടിക്കാൻ ഫസീലയാണ് ഫോണിൽ വിളിച്ചു വരുത്തിയത്.
കേരളത്തിനു പുറത്ത് വലിയ വേരുകളുള്ള ഹവാല സംഘങ്ങളുടെ ഒത്താശയാണ് കോട്ടയത്തെ ഗുണ്ടാത്തലവനു അന്യ സംസ്ഥാനങ്ങളിൽ സംരക്ഷണമാകുന്നതെന്നാണ് ഇപ്പോൾ സംശയിക്കുന്നത്. ഇയാൾ ഇപ്പോൾ ബംഗളൂരുവിലുണ്ടെന്നാണ് പോലീസിനു സൂചന ലഭിച്ചിരിക്കുന്നത്.
നൗഷാദിനെയും സംഘത്തേയും കർണാടകയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇതും സംശയത്തെ ശക്തിപ്പെടുത്തുന്നു. ഇതിനൊപ്പം കേരളത്തിലെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനു ഗുണ്ടാതലവനുമായുള്ള അടുപ്പം മൂലമാണ് അറസ്റ്റു വൈകുന്നതെന്നും ആരോപണമുണ്ട്.
ദിവസങ്ങൾക്കു മുന്പു ഗുണ്ടാതലവന്റെ രഹസ്യ കേന്ദ്രത്തെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും പോലീസിന്റെ നീക്കം മുൻകൂട്ടിയറിഞ്ഞ് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.