സ്വന്തം ലേഖകൻ
കോഴിക്കോട്: വയനാട് ബാണാസുര വനത്തില്‍ ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റ് വേല്‍മുരുകന്റെ ശരീരത്തിൽ നാലു വെടിയുണ്ടകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ചെറുതും വലുതുമായി 40 മുറിവുകളും ശരീരത്തിൽ ഉണ്ട്. ഇതു പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഉണ്ടായതാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കി. വേൽമുരുകന്റെ നെഞ്ചിലും വയറിലുമാണ് കൂടുതൽ മുറിവുകളുള്ളത്.
ബുധനാഴ്ച വൈകിട്ട് 3.50 ന് ആരംഭിച്ച പോസ്റ്റ്മോർട്ടം 8.30 വരെ നീണ്ടു. മാവോയിസ്റ്റിന്റെ മൃതദേഹത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പ് പ്രാഥമിക പരിശോധന നടത്തിയിരുന്നു.
വെടിയുണ്ടകള്‍ തുളഞ്ഞു കയറിയ ഭാഗം എവിടെയൊക്കെയാണെന്നതും മറ്റും വിശദമായി പരിശോധിച്ച ശേഷം മെഡിക്കൽ കോളജിലെ റേഡിയോളജി വിഭാഗത്തില്‍ എത്തിച്ച് എക്സറേ എടുത്തു.
ശരീരത്തിലെ മുറിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം വെടിയുണ്ടകള്‍ കണ്ടെത്തുക പ്രയാസമാണ്. മുറിവില്‍ നിന്ന് മാറി ചിലപ്പോള്‍ വെടിയുണ്ട ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്.
അതിനാലാണ് കൃത്യമായ സ്ഥാനം കണ്ടെത്തുന്നതിന് എക്സറേ എടുത്തത്. ഇപ്രകാരം എക്സറേയില്‍ കണ്ട നാല് വെടിയുണ്ടകൾ സൂക്ഷ്മമായി മാറ്റി.
പിന്നീട് മുറിവുകൾ പരിശോധിച്ചു വിശദമായ റിപ്പോർട്ട് തയാറാക്കുകയായിരുന്നു. വെടിയുണ്ട പതിച്ച വസ്ത്രത്തിന്റെ ഭാഗങ്ങളും ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു.
ഇവ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. പ്രസന്നന്, അഡീഷണല്‍ പ്രഫ. സുജിത്ത് ശ്രീനിവാസ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം.