ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്തു കേസിലും അനുബന്ധ കേസുകളുടെ അന്വേഷണത്തിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വട്ടംകറങ്ങുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും കസ്റ്റഡിയിലുള്ള ശിവങ്കറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കം പാളിയ അവസ്ഥയിലാണ്.
ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു എങ്കിലും കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു രവീന്ദ്രന് ഇന്നു ഇഡിക്കു മുന്നിലെത്തില്ല. രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നാണ് വിവരം.
ആദിത്യ നാരായണ റാവു
ലൈഫ് മിഷന് കരാര്‍ ലഭിച്ച ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്രീസ് ഉടമ ആദിത്യ നാരായണ റാവുവിനെ ഇന്നു ചോദ്യം ചെയ്യും. ഇദേഹത്തോട് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ കസ്റ്റഡിയിലുള്ളതിനാല്‍ അദേഹത്തിന്റെ സാന്നിധ്യത്തില്‍ രവീന്ദ്രനേയും ആദിത്യ നാരായണ റാവുവിനേയും ചോദ്യം ചെയ്യാനായിരുന്നു എന്‍ഫോഴ്സ്മെന്റ് നീക്കം.
ആപ്പായി വാട്സ് ആപ്പ്
സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതികള്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഇടപെട്ട് കോഴപ്പണം കൈപ്പറ്റിയെന്നാണ് എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നത്. സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന് കേസുമായി ബന്ധമുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.
ഇതോടെ സ്വര്‍ണക്കടത്തിലും ശിവശങ്കര്‍ പ്രതിയാകുമെന്ന് ഉറപ്പായി. എം. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ ലഭ്യമായിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്.
കൂടാതെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട പല രഹസ്യരേഖകളും ശിവശങ്കര്‍ സ്വപ്നസുരേഷിന് വാട്സ്കൈ ആപ്പ് വഴി കൈമാറിയിട്ടുണ്ടെന്നുമാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്നുമാണ് കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ട് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ വ്യക്തമാക്കിയത്.
ലൈഫ് മിഷന്, കെഫോണ്‍ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് വാട്സ് ആപ്പ് വഴി കൈമാറി.സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്നയ്ക്ക് നല്‍കിയെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നും ഇഡി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ പശ്ചാത്തലത്തില്‍ ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ബുധനാഴ്ച ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
ഇടപാടുകളിലെ പങ്കാളി
മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനു പിന്നാലെ പാര്‍ട്ടിയുമായി ഗാഢബന്ധമുള്ള സി.എം. രവീന്ദ്രനിലേക്ക് അന്വേഷണമെത്തുന്നത് ഭരണമുന്നണിയില്‍ കടുത്ത രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്ക് വഴിവയ്ക്കും.
ശിവശങ്കറിനൊപ്പം പല ദുരൂഹ ഇടപാടുകളിലും രവീന്ദ്രന് പങ്കാളിയാണെന്ന് ഇഡിക്ക് വിവരം കിട്ടിയിരുന്നു. വടകര ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന് സ്വര്‍ണക്കടകളിലും
വസ്ത്ര വ്യാപാരശാലകളിലും ഇലക്ട്രോണിക്സ് സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും ബിനാമി നിക്ഷേപമുണ്ടെന്നും വടകരയിലെ ബന്ധുവാണ് പ്രധാന ബിനാമിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.