തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തീയതികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് മൂന്നുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഡിസംബർ എട്ട്, 10, 14 തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കും. 16-നാണ് വോട്ടെണ്ണൽ.
ഡിസംബർ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 10ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലും 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും പോളിംഗ് നടക്കും.
രാവിലെ എഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാകും തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 12ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുമെന്നും കമ്മീഷൻ അറിയിച്ചു.
ഡിസംബര്‍ 25ന് ക്രിസ്മസിനു മുന്‍പായി പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കണം. നവംബര്‍ 19വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. നവംബര്‍ 23 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ക്രമസമാധാനം ഉറപ്പാക്കാന്‍ പോലീസ് തയാറാണെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പ് നല്‍കിയിട്ടുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ വിവിധ രാഷ്ട്രിയ പാര്‍ട്ടികളുമായി കമ്മീഷന് ചര്‍ച്ച നടത്തിയെന്നും വി. ഭാസ്കരന് അറിയിച്ചു.
തെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 2.72 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 1.29 കോടി പുരുഷന്മാരും 1.41 സ്ത്രീകളുമാണുള്ളത്. 282 ട്രാന്‍സ്ജെന്‍ഡേഴ്സും വോട്ടര്‍ പട്ടികയിലുണ്ട്. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒക്ടോബര്‍ 27 മുതല്‍ നാല് ദിവസം കൂടി അവസരം നല്കി. ഇവരെക്കൂടി ഉള്‍പ്പെടുത്തി നവംബര്‍ പത്തിന് പുതുക്കിയ വോട്ടര്‍ പട്ടി പ്രഖ്യാപിക്കും.
കോവിഡ് പോസിറ്റിവായവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാധിക്കും. പോളിംഗ് സ്റ്റേഷനുകളില്‍ ബ്രേക്ക് ദ ചെയിന്‍ പോളിസി നടപ്പിലാക്കും.
941 ഗ്രാമപഞ്ചായത്തുകള്‍, 151 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുന്‍സിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്..