ഫ്രാങ്കോ ലൂയിസ്
തൃശൂർ: കോവിഡ് വൈറസുകളെ പ്രതിരോധിക്കാൻ ഒന്നര ലക്ഷം മാസ്ക്, ഇരുപത്തയ്യായിരത്തോളം പിപിഐ കിറ്റുകൾ. ചാലക്കുടിയിലെ വനിതാ കൂട്ടായ്മ ഒരുക്കിയ മാസ്കുകൾ കേരളത്തിൽ മാത്രമല്ല, കടൽകടന്നും പോരാടി.
കോവിഡ് കാലത്ത് എല്ലാവരും അടച്ചുപൂട്ടിയപ്പോൾ മാസ്കുകൾ ഒരുക്കി പതിനായിരങ്ങൾക്കു പ്രതിരോധവും നൂറോളം വനിതകൾക്ക് അതിജീവനവും ഒരുക്കാൻ നേതൃത്വം നൽകിയതു വനിതാ സംരംഭക പരിശീലകയായ ഷൈന ജോർജാണ്.
കോവിഡ് ഭീഷണി ഇന്ത്യയിലേക്ക് എത്തുംമുന്പേ മാർച്ച് രണ്ടിനു കോവിഡിനെതിരായ പോരാട്ടത്തിന് അരയും തലയും മുറുക്കി കളത്തിലിറങ്ങി.
ഷൈന ജോർജ് നേതൃത്വം നൽകുന്ന വനിതാ പരിശീലന സംരംഭക സ്ഥാപനമായ ഫാഷൻ പോയിന്റ് അക്കാദമിയിൽ നൂറു വനിതകൾക്കു മാസ്ക് നിർമാണത്തിൽ പരിശീലനം നൽകിക്കൊണ്ടായിരുന്നു അത്.
ആദ്യം ഒറ്റ ലെയർ മാസ്ക്. പിന്നീട് മൂന്നു ലെയറുള്ള മാസ്കും നാലു ലെയറുള്ള കോട്ടണ്‍ മാസ്കും തയാറാക്കി. മാർച്ച് അവസാനത്തോടെ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണിനു മുന്‍പേ പലയിടത്തുനിന്നും മാസ്കുകൾക്ക് ആവശ്യക്കാരായി.
പരിശീലനം നേടിയ വനിതകൾ വീട്ടിലിരുന്നു മുഖാവരണങ്ങൾ തയാറാക്കി. കുറഞ്ഞ നിരക്കിൽ മികച്ച ഇനം മാസ്കുകൾ. ആവശ്യക്കാർക്കെല്ലാം നൽകി.
ഇവർ ഒരുക്കിയ മാസ്കുകൾ വിദേശരാജ്യങ്ങളിലേക്കുപോലും എത്തി. ആദായത്തിൽനിന്ന് പത്തു യുവതികൾക്കു തയ്യൽ മെഷീൻ സൗജന്യമായി നൽകുന്നുണ്ടെന്നു ഷൈന പറഞ്ഞു. തയ്യൽ സംരംഭം ആരംഭിക്കാനുള്ള സഹായമാണിത്.
ആരോഗ്യപ്രവർത്തകർ അടക്കമുള്ളവർക്കു പതിനായിരം മാസ്ക് സൗജന്യമായാണു നൽകിയത്. ജില്ലാ ഭരണകൂടം, ആരോഗ്യകേന്ദ്രങ്ങൾ, പോലീസ്, കൃഷിവകുപ്പ്, വൈദികർ തുടങ്ങിയവർക്കെല്ലാം സൗജന്യമായി മാസ്ക് നൽകി.
ലോക്ക് ഡൗണ്‍ പലതവണ വന്നതോടെ അനവധി സ്ഥാപനങ്ങൾക്കു വരുമാനമില്ലാതായി. വാടകയും വൈദ്യുതി ബില്ലും നൽകാനാകാതെ വിഷമിച്ചു.
എന്നാൽ അവസരത്തിനൊത്ത് ഉയർന്ന് മാസ്ക് വിപണിയിലിറക്കിയതാണ് ഷൈനയുടെ വനിതാ കൂട്ടായ്മയ്ക്കു വിജയമായത്. പ്ലാസ്റ്റിക് നിരോധനം വന്നപ്പോഴും ഷൈന തുണിസഞ്ചി വിപണിയിലിറക്കി.
പരിശീലനം നൽകിയ കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങൾക്കു വരുമാനവുമായി. വനിതകളെ സ്വയംപര്യാപ്തരാക്കാൻ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളാണ് ഫാഷൻ പോയിന്റ് അക്കാദമിയിലുള്ളത്.
സംരംഭങ്ങൾക്കുള്ള വായ്പാസൗകര്യവും ഒരുക്കുന്നു. ഇങ്ങനെ കുറേപ്പേർ സംരംഭകരായി. ആ കുടുംബങ്ങൾക്കു സ്വന്തം കാലിൽ നിൽക്കാനായെന്നു മാത്രമല്ല, അനേകർക്കു ജോലി നൽകാനുമായി.
രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയവർ പല സ്കൂളുകളിലും ക്രാഫ്റ്റ് ടീച്ചറായി ജോലി ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ തൊഴിൽ നൈപുണ്യ കോഴ്സുകൾ, അസാപ് കോഴ്സുകൾ, കുടുംബ ശ്രീ കോഴ്സുകൾ തുടങ്ങിയവയിലെല്ലാം പരിശീലനം നൽകുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി ഇല്ലാത്തതിനാൽ ഇത്തരം പരിശീലന കേന്ദ്രങ്ങളെല്ലാം പ്രതിസന്ധിയിലാണ്. വിദ്യാർഥിയായിരുന്നപ്പോൾ ഷൈന കെസിഎസ്എൽ ഭാരവാഹിയായിരുന്നു.
ഡിഗ്രി പഠനത്തിനുശേഷം ഹിന്ദിയിൽ ബിരുദാനന്തര ബിരുദം നേടി. നെഹ്റു യുവകേന്ദ്ര സംസ്ഥാന റിസോഴ്സ് ടിമംഗമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം തൃശൂർ ജില്ലാ അധ്യക്ഷയും ഓൾ കേരള പ്രൈവറ്റ് മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററുമാണു ഷൈന (9447812268).
കേരള സാംസ്കാരിക പരിഷത്ത് വനിതാ വിഭാഗമായ സ്ത്രീപദം എന്ന സംഘടനയുടെ സെക്രട്ടറിയുമാണ്. 2019 സെപ്റ്റംബറിൽ വുമണ്‍ എംപവർമെന്റ് അവാർഡ് നേടി.
ചാലക്കുടി ടൗണിൽ വ്യാപാരിയായ ഭർത്താവ് ജോർജിന്റെ പിന്തുണയാണു ഷൈനയ്ക്കു കരുത്ത്. മൂന്നു മക്കളുണ്ട്. ആഗ്നൽ ജോർജ്, ആൽബിയ മേരി, ഏയ്ഞ്ചൽ മേരി. മരുമകൻ: മെൽവിൻ ചിറമൽ.