താമരശേരി: വീടിനു സമീപത്ത് ഫാമില്‍ വളര്‍ത്തിയ താറാവുകളെയും മുയലുകളെയും അജ്ഞാത ജീവി കടിച്ചു കൊന്നു.
കോരങ്ങാട് ആനപാറപൊയില് അബ്ദുള്‍ സലാമിന് സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതി വഴി ലഭിച്ച താറാവുകളും മുയലുകളുമാണ് അജ്ഞാത ജീവിയുടെ കടിച്ചു കൊന്നത്.
ബുധനാഴ്ച്ച പുലര്‍ച്ചെ വീടിന് സമീപത്തായി നിര്‍മിച്ച ഫാമില്‍ നിന്നും വളര്‍ത്തു മൃഗങ്ങളുടെ കരച്ചില് കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ഫാമില്‍ നോക്കിയപ്പോഴാണ് കടിച്ചു കൊന്നിട്ട നിലയില്‍ താറാവുകളെയും മുയലുളെയും കണ്ടെത്തിയത്.
ഒന്‍മ്പത് താറാവുകളും അഞ്ച് മുയലുകളുമാണ് ജീവിയുടെ ആക്രമണത്തില്‍ ചത്തത്. കഴിഞ്ഞ മാസം സലാമിന്റെ കൃഷിയിടത്തിലെ കപ്പയും ചേനയും ചേമ്പും പച്ചക്കറികളും കാട്ടുപന്നി നശിപ്പിച്ചിരുന്നു.
ഫാമിലും അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായതോടെ ആകെ ദുരിതത്തിലായിരിക്കുകയാണ് സലാം. താമരശേരി ഫോറസ്റ്റ് ഓഫീസില്‍ പരാതി നല്കിയ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കുറുനരിയാകാം കൂട് തകര്‍ത്ത് അകത്ത് കയറി താറാവുകളെയും മുയലുകളെയും കൊന്നതെന്ന് താമരശേരി റേഞ്ച് ഓഫീസര്‍ സുധീര്‍ നെരോത്ത് പറഞ്ഞു.