കൊച്ചി: ബിജെപിയിലെ അഭ്യന്തര കലഹത്തില്‍ പ്രശ്ന പരിഹാരത്തിനായി ആര്‍എസ്എസ് ഇടപെടും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാര്‍ട്ടി ഒന്നിച്ചു പോകണമെന്ന് ആര്‍എസ്എസ് നിര്‍ദേശിച്ചു.
ഇന്നലെ കൊച്ചിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായുള്ള കൂടിക്കാഴ്ചയിലാണ് ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയത്.
ശോഭ സുരേന്ദ്രന് അടക്കമുള്ള ഏതാനും നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനെതിരേ പരസ്യവിമര്‍ശനം നടത്തിയ സാഹചര്യത്തിലായിരുന്നു ഇത്തരമൊരു കൂടിക്കാഴ്ച നടന്നത്.
ബിജെപിക്കുള്ളില്‍ നേതാക്കള്‍ ചേരിതിരിഞ്ഞു പരസ്യപ്രസ്താവന നടത്തുന്നതു പാര്‍ട്ടിക്കു നല്ലതല്ല. ഇത്തരം പ്രവണത ശരിയല്ലെന്നും എന്നാല്‍ എല്ലാ നേതാക്കളെയും ഒന്നിച്ചു കൊണ്ടുപോകാന്‍ നേതൃത്വത്തിനു കഴിയണമെന്നും സുരേന്ദ്രനോട് ആര്‍എസ്എസ് കേരള പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാര്‍ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സാധ്യതകള്‍ കുറയ്ക്കും വിധം പരസ്യപ്രതികരണം നടത്തുന്ന നേതാക്കളെ പിന്തുണയ്ക്കില്ലെന്നും ആര്‍എസ്എസ് ചൂണ്ടിക്കാട്ടി.
എന്നാല്‍ നേതാക്കളുമായി തുറന്ന ചര്‍ച്ച നടത്താന്‍ ആര്‍എസ്എസ് തയാറാകും. അവര്‍ക്കു പറയാനുള്ളതു കൂടി കേള്‍ക്കുകയും ഒന്നിച്ചു പോകാനുമുളള ശ്രമം നടത്തുകയും ചെയ്യും.
സുരേന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയുണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങൾ ആര്‍എസ്എസ് നേതൃത്വത്തോട് സുരേന്ദ്രന് വിശദീകരിച്ചു.
പ്രാദേശിക ആര്‍എസ്എസ് നേതൃത്വവുമായി ആലോചിച്ചാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്. ഇതില്‍ ഗ്രൂപ്പ് കളി ആരോപിക്കുന്നത് സാധ്യതകളെ അട്ടിമറിക്കാനാണെന്നും ആര്‍എസ്എസ് നേതൃത്വത്തെ സുരേന്ദ്രന് അറിയിച്ചതായാണ് സൂചന.
ബിജെപി ഉപാധ്യക്ഷയായി ശോഭ സുരേന്ദ്രനെ നിയമിച്ച ശേഷവും പാര്‍ട്ടിയുമായി അവര്‍ സഹകരിച്ചിട്ടുണ്ടെന്നാണ് സുരേന്ദ്രന് പറയുന്നത്. ചാനല്‍ ചര്‍ച്ചകളിലും എത്തി.
പിന്നെ അപ്രത്യക്ഷമാകുകയും ചെയ്തു. മഹിളാ മോര്‍ച്ചയുടെ അധ്യക്ഷ പദവി ഉള്‍പ്പെടെ കിട്ടാതെ വന്നപ്പോഴായിരുന്നു പരസ്യ പ്രതികരണം. അത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാനാണ് ശ്രമം. ഇക്കാര്യങ്ങളാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ പരാതി.
മറ്റൊരു വിഭാഗം ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു. ഭാരവാഹികളെ നിശ്ചയിക്കുന്നത് അടക്കം ആര്‍എസ്എസിന്റെ ഉപദേശങ്ങള്‍ തേടിയിരുന്നുവെന്നാണ് സുരേന്ദ്രന്റെ നിലപാട്.
എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ഒറ്റപ്പെടുത്തിയെന്ന തോന്നല്‍ ഉണ്ടാകാതെ നോക്കണമെന്ന സന്ദേശം ആര്‍എസ്എസ് നേതാക്കള്‍ സുരേന്ദ്രനു കൈമാറിയിട്ടുണ്ട്.
അതു ചെയ്യുന്നുണ്ടെന്നും. എന്നാല്‍ തന്നെ അപമാനിക്കാന്‍ വേണ്ടി പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് സുരേന്ദ്രന്റെ നിലപാട്. പി.പി. മുകുന്ദനെ പോലുള്ള നേതാക്കളെ മുന്‍നിരയിലേക്ക് കൊണ്ടു വരണമെന്ന ആഗ്രഹവും ആര്‍എസ്എസിനുണ്ട്.
ഇതും പരിഗണിക്കും. ശോഭ സുരേന്ദ്രന് ഉയര്‍ത്തിയ വിഷയങ്ങള്‍ കേന്ദ്ര നേതൃത്വം പരിഗണിച്ച് തീരുമാനം എടുക്കുമെന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കേരള സഹപ്രാന്ത് പ്രചാരക് എസ്. സുദര്ശന്, സഹകാര്യവാഹക് എം. രാധാകൃഷ്ണന് എന്നിവരും സംബന്ധിച്ചു.