സ്വന്തം ലേഖകൻ
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ശിവശങ്കറിനെ കുടുക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി.
മുഖ്യപ്രതി സ്വപ്ന സുരേഷിനു ബാങ്ക് ലോക്കര്‍ എടുത്തുകൊടുത്തതടക്കം എല്ലാം ചെയ്തതു ശിവശങ്കറിന്റെ ആവശ്യപ്രകാരവും അറിവോടെയുമായിരുന്നെന്നു വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മൊഴിനല്‍കി. ശിവശങ്കറിന്റെ മൊഴികൾക്കെതിരാണു വേണുഗോപാലിന്റെ മൊഴികൾ.
വേണുഗോപാലിനൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കറിന് ഒന്നും നിഷേധിക്കാനായില്ലെന്നാണു റിപ്പോർട്ട്. ഓരോ ഘട്ടത്തിലും ശിവശങ്കറിന്റെ നിര്‍ദേശം ഉണ്ടായിരുന്നെന്നും എല്ലാറ്റിനും വാട്ട്സാപ്പ് ചാറ്റുകള്‍ തെളിവായി ഉണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
തന്റെ സുഹൃത്തായ സ്വപ്നയ്ക്കു പാരിതോഷികമായി കിട്ടിയ പണം ലോക്കറിൽ സൂക്ഷിക്കാൻ സഹായിക്കണമെന്നു ശിവശങ്കര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഇരുവരും വീട്ടിലെത്തിയിരുന്നു. 34 ലക്ഷം രൂപയാണ് ആദ്യം ഏല്പിച്ചത്.
തന്റെകൂടി പേരില്‍ ലോക്കര്‍ തുറന്നശേഷം മൂന്നു-നാലു തവണയായി സ്വപ്നയ്ക്കു പണമെടുത്തു നല്കി. ഇക്കാര്യങ്ങളൊക്കെ ശിവശങ്കറിനെ ധരിപ്പിച്ചിരുന്നെന്നും വേണുഗോപാല്‍ മൊഴി നല്കി.
വേണുഗോപാലിനെ സ്വപ്നയ്ക്കു പരിചയപ്പെടുത്തിയതല്ലാതെ പണമിടപാടുകള്‍ താനറിഞ്ഞില്ലെന്നാണു ശിവശങ്കര്‍ നേരത്തേ മൊഴി നല്‍കിയിരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍നിന്നു വ്യത്യസ്തമായി സഹകരിക്കുന്ന മനോഭാവമാണ് ശിവശങ്കര്‍ പ്രകടിപ്പിക്കുന്നതെന്ന് ഇഡി കേന്ദ്രങ്ങൾ വ്യക്തമാക്കി. കേസില്‍ വേണുഗോപാലിനെ സാക്ഷിയാക്കാനാണു നിലവില്‍ ഇഡിയുടെ തീരുമാനം.