എം.ജി. ലിജോ
കൊച്ചി: കളിക്കാരൻ മുതൽ അംപയർ വരെയായി ഇത്തവണ ഐപിഎലിൽ മലയാളികൾ തിളങ്ങുന്നുണ്ട്. എന്നാൽ, മത്സരങ്ങളുടെ സ്കോറിംഗും കണക്കുമൊക്കെയായി ഒരു മലയാളികൂടി തിരശീലയിൽ പ്രവർത്തിക്കുന്നുണ്ട്.
മലയാളിയായ രമേഷ് മന്നത്ത് എന്ന ചെറുപ്പക്കാരനാണത്. ഇത്തവണത്തെ മിക്ക മത്സരങ്ങളുടെയും സ്കോറിംഗ് നടത്തുന്നത് ഈ തൃശൂർ സ്വദേശിയാണ്.
ആറു വർഷമായി യുഎഇയിൽ നടക്കുന്ന മത്സരങ്ങളിൽ സ്കോററായി രമേഷ് പ്രവർത്തിക്കുന്നുണ്ട്. ആഭ്യന്തരം മുതൽ അന്താരാഷ്ട്ര മത്സരങ്ങൾ വരെ അതിൽപ്പെടും.
ഇതുവരെ ഏകദേശം നൂറോളം അന്താരാഷ്ട്ര മത്സരങ്ങളിൽ സ്കോററായി പ്രവർത്തിച്ചിട്ടുണ്ട്. ഇത്തവണ ഐപിഎലിലേക്കു വിളിയെത്തിയതിനെ നിയോഗമായിട്ടാണ് ഈ മുൻ ക്രിക്കറ്റർ കാണുന്നത്.
ഏഷ്യാകപ്പ്, അണ്ടർ-19 ലോകകപ്പ് മത്സരങ്ങളിലും അദേഹം സ്കോററായിട്ടുണ്ട്. ഇത്തവണ ഐപിഎലിലേക്കു വിളിയെത്തിയത് ദുബായ് സ്പോർട്സ് സിറ്റി വഴിയാണ്.
ബിസിസിഐ സ്കോററെ ആവശ്യപ്പെട്ട് സ്പോർട്സ് സിറ്റിയെ സമീപിക്കുകയായിരുന്നു. അവരാണ് രമേഷിന്റെ പേര് നിർദേശിച്ചത്. തന്റെ സ്കോറിംഗ് ജീവിതത്തിൽ ആദ്യമായിട്ടാണു കാണികളില്ലാത്ത ഒരു വലിയ ടൂർണമെന്റിനു സ്കോററാകുന്നതെന്ന് അദേഹം പറയുന്നു.
ഇത്രയും കാത്തിരുന്നൊരു ടൂർണമെന്റിൽ ഒഴിഞ്ഞ ഗാലറികൾക്കു സമീപമിരുന്നു ജോലി ചെയ്യേണ്ടി വന്നതിലുള്ള നിരാശയും രമേഷ് പങ്കുവയ്ക്കുന്നു.
ക്രിക്കറ്റിന്റെ മറ്റു പല മേഖലകളിലും മലയാളികൾ ധാരാളമായി കടന്നു വരുന്നുണ്ടെങ്കിലും സ്കോർ രേഖപ്പെടുത്തൽ രംഗത്ത് കേരളീയർ കുറവാണെന്ന് രമേഷ് പറയുന്നു.
സ്കോററെന്ന ജോലി പുറത്തുനിന്നു നോക്കിക്കാണുന്നതു പോലെ അത്ര എളുപ്പമല്ലെന്നു രമേഷ് പറയുന്നു. ഒരു ബൗളർ എറിയുന്ന പന്തിന്റെ വിവരങ്ങളെല്ലാം സ്കോറർ രേഖപ്പെടുത്തണം.
ആ പന്തിൽ എത്ര റണ്‍സെടുത്തു, ആർക്കാണു ക്യാച്ച് തുടങ്ങിയ കാര്യങ്ങളെല്ലാം രേഖപ്പെടുത്തണം. കളിക്കിടെ ഫീൽഡ് അംപയർക്കുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കേണ്ടതും സ്കോററുടെ ചുമതലയാണ്.
ഇടയ്ക്ക് അംപയർമാർ ഇനി എത്ര പന്തെറിയാനുണ്ടെന്നു വാക്കിടോക്കിയിലൂടെ സംശയം ചോദിക്കുന്നതു ടിവിയിൽ പലപ്പോഴും കണ്ടിട്ടുണ്ടാകും. ഇതെല്ലാം ചോദിക്കുന്നത് സ്കോററോടാണ്. മാച്ച് റഫറിമാരുടെ സംശയത്തിനും ആശ്രയം സ്കോറർതന്നെ.
സ്കോറിംഗിനു ചില പൊടിക്കൈകളുമുണ്ട്. ഓരോ ബൗളർക്കും ബാറ്റ്സ്മാനും വ്യത്യസ്ത കളറിലുള്ള പേനകളാണ് ഉപയോഗിക്കുന്നത്. വേഗത്തിൽ തിരിച്ചറിയാൻ വേണ്ടിയാണിത്.
കളിക്കിടെ അംപയർക്ക് അബദ്ധം പറ്റിയാൽ സഹായത്തിനെത്തുന്നതും സ്കോററാണ്. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം നിർണയിക്കുന്നതും ഇതേ സ്കോററർമാരുടെ ഉത്തരവാദിത്വമാണ്.
പത്തു വർഷം മുന്‍പാണു രമേഷ് ജോലിസംബന്ധമായി ദുബായിലെത്തുന്നത്. അന്നുമുതൽ ക്ലബ് ക്രിക്കറ്റിൽ സജീവമാണ് അദ്ദേഹം. തൃശൂർ ക്രിക്കറ്റ് ക്ലബ്ബിനായിട്ടായിരുന്നു കളിച്ചത്.
ഇതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ നടത്തിയ സ്കോറിംഗ് കോഴ്സ് പാസായത്. തൃശൂർ കേരളവർമ കോളജിലായിരുന്നു രമേഷിന്റെ ഉപരിപഠനം. കോളജ് ടീമിനായും കളിച്ചിട്ടുണ്ട്.
രമേഷിന്റെ ക്രിക്കറ്റ് ജീവിതത്തിൽ താങ്ങും തണലുമായി നിന്നിട്ടുള്ളത് തൃശൂർ കണ്ടശാങ്കടവ് ജിംഖാന ക്ലബ്ബാണ്. നൃത്ത അധ്യാപികയായ കലാമണ്ഡലം ഐശ്വര്യയാണു ഭാര്യ. നാലുവയസുകാരനായ രുദ്രാക്ഷാണു മകൻ. ഇരുവരും രമേഷിനൊപ്പം ദുബായിലുണ്ട്.