മണ്ണാർക്കാട്: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കണമെന്ന നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം മണ്ണാർക്കാട് താലൂക്കിലും പരിശോധന കർശനമാക്കി.
എൻഫോഴ്സമെന്റ് ആർടിഒ വി.എ.സഹദേവന്റെ നിർദേശാനുസരണം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രവികുമാറിന്റെ നേതൃത്വത്തിൽ എഎംവിഐമാരായ എം.അനിൽകുമാർ, എം.പി.മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
ആദ്യം നഗരം കേന്ദ്രീകരിച്ചുള്ള പരിശോധന പിന്നീട് ഗ്രാമീണ മേഖലയിലേക്കും കൂടി വ്യാപിപ്പിക്കാനാണ് നീക്കം. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവരും നിർബന്ധമായും ഹെൽമറ്റ് ധരിക്കണം.
പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റില്ലെങ്കിൽ വാഹനം ഓടിക്കുന്ന വ്യക്തിയുടെ ലൈസൻസ് ആദ്യതവണ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യും. ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കാനാണ് ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിയമത്തിലെ നിർദേശം.
ഈവർഷം ഒക്ടോബർവരെ താലൂക്കിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 15 പേരിൽ 11 പേരും ഇരുചക്ര വാഹനയാത്രക്കാരാണ്. ഈ സാഹചര്യത്തിൽ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷിതത്വം കൂടി ഉറപ്പാക്കാൻ വേണ്ടിയാണ് പരിശോധന കർശനമാക്കിയത്.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കരുതെന്ന് മോട്ടോർ വാഹനവകുപ്പ് ജനങ്ങളോട് ആവശ്യപ്പെട്ടു.