കോഴിക്കോട്: നേപ്പാള്‍ സ്വദേശിയായ ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പില്‍ രതിഷ് (32) ആണ് പോലീസ് സ്റ്റേഷനില്‍ ജീവനൊടുക്കാൻ ശ്രമിച്ചത്.
പരിക്കുകളോടെ പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കു സാരമുള്ളതല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ രാത്രിയാണ് രതീഷിനെ ബാലുശേരി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെയും മറ്റും മൊഴിയുടെ അടിസ്ഥാനത്തില്‍ വീടിനു സമീപത്തു പതിവായി എത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് രതീഷിലേക്കു സംശയം നീണ്ടത്.
ചോദ്യം ചെയ്തതോടെ രതീഷ് കുറ്റംസമ്മതിക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. രാത്രിയില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്നു കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് സ്റ്റേഷനകത്തുള്ള ഗോവണിപ്പടിയുടെ ഫ്ളാറ്റ്ഫോമില്നിന്നു രതീഷ് താഴേക്ക് ചാടിയത്.
ചികിത്സയില്‍ കഴിയുന്ന പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
ഉണ്ണികുളം പഞ്ചായത്തിലെ എകരൂല്‍ വള്ളിയോത്ത് മാളൂര്മല ക്വാറിക്കടുത്ത് താമസിക്കുന്ന നേപ്പാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവസമയം രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.
ഇരുവരും തമ്മില്‍ അന്നേ ദിവസം മദ്യപിച്ചതുമായി ബന്ധപ്പെട്ടു വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് അമ്മ ബന്ധുവീട്ടിലേക്കു പോയി. ഭാര്യയെ വിളിക്കാന്‍ രാത്രിയില്‍ പത്തോടെ ഭര്‍ത്താവ് പോയ സമയത്താണു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.
അച്ഛന് പുറത്തു പോയതറിഞ്ഞാണ് പ്രതി എത്തിയതെന്നാണ് പോലീസ് നിഗമനം. ഈ സമയം ഇളയ രണ്ടു സഹോദരന്മാർ മാത്രമായിരുന്നുണ്ടായിരുന്നത്. മാതാപിതാക്കള്‍ എത്തിയ ശേഷമാണ് പീഡനം നടന്നതറിയുന്നത്.
ഇവര്‍ ഉടന്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അമിത രക്തസ്രാവത്തത്തുടര്ന്ന് അബോധാവസ്ഥയിലായ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കുട്ടി അപകട നില തരണം ചെയ്തു.
സംഭവത്തില്‍ വടകര റൂറല്‍ എസ്പി എ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു അന്വേഷണം . ബാലുശേരി സിഐ ജീവന് ജോര്‍ജ്, എസ്ഐ മാരായ പ്രജീഷ്, മധു മൂത്തേടത്ത്, രാജീവ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് ബാബു, പൃത്വിരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ആത്മഹത്യാശ്രമത്തിനും കേസ്
കോഴിക്കോട്: ആറു വയസുകാരിയെ പീഡിപ്പിച്ച യുവാവിനെതിരേ ആത്മഹത്യാ ശ്രമത്തിനും കേസ്. പോലീസ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷിനിൽ ജീവനൊടുക്കാൻ ശ്രമിച്ചതിനാണ് ബാലുശേരി പോലീസ് കേസെടുത്തത്.
ഒന്നാംനിലയുടെ ഗോവണി പടിയില്‍ നിന്നാണ് പ്രതി ചാടിയതെന്ന് റൂറല്‍ എസ്പി ഡോ.ശ്രീനിവാസ് “രാഷ്ട്രദീപിക’യോടു പറഞ്ഞു. ക്രൂരമായാണ് പിഞ്ചു പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടത്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാനായതു പോലീസിന് ആശ്വാസമായി. ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന ക്രൂരമായ പീഡനങ്ങള്‍ക്ക് സമാനമാണ് ഈ കേസെന്നും പ്രതിക്കു പരമാവധി ശിക്ഷ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.