അമേരിക്കയുടെ 46-ാം പ്രസിഡന്റ് പദം ജോ ബൈഡന് ഒരു സുപ്രഭാതത്തില്‍ കല്‍പ്പിച്ചു കിട്ടിയ ഒന്നല്ലെന്ന് അദ്ദേഹത്തെ അറിയുന്ന ഏവര്‍ക്കും നന്നായി അറിയാം. അരനൂറ്റാണ്ടു നീളുന്ന രാഷ്ട്രീയ ജീവിതത്തില്‍ ബൈഡന്‍ പിന്നിട്ട കനല്‍പാതകള്‍ നിരവധിയാണ്.
വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നേരിട്ട നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ബൈഡന്‍ ‘ഓവല്‍ ഓഫീസി’ന്റെ അധിപതിയായത്.
അമേരിക്കയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ നാലാമത്തെ സെനറ്ററായി 1972ല്‍ നിന്നു തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ബൈഡനു പ്രായം 29 വയസ്. എന്നാല്‍ ആ സന്തോഷം അവസാനിക്കുന്നതിനു മുമ്പ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് ബൈഡനെ തേടിവന്നു.
സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഭാര്യ നെയ്ലയും മക്കളും കാറപകടത്തില്‍പ്പെട്ടു. നെയ്ലയും ഇളയമകള്‍ നവോമിയും എന്നന്നേക്കുമായി ബൈഡനെ വിട്ടകന്നു. മക്കളായ ബോയ്ക്കും ഹന്‍ടറിനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
ബോയുടെ ആശുപത്രിക്കിടയ്ക്കു സമീപം നിന്നാണ് ബൈഡന്‍ സത്യപ്രതിജ്ഞയെടുത്തത്. ആത്ഹത്യയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ പിന്തിരിപ്പിച്ചത് ബോ ആയിരുന്നു. ഐറിഷ് വംശജരായ മാതാപിതാക്കളുടെ മകനായി 1942 ലാണു ജോസഫ് ആര്‍. ബൈഡന്‍ എന്ന ജോ ബൈഡന്റെ ജനനം.
പിതാവ് യൂസ്ഡ് കാര്‍ സെയില്‍സ്മാനായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുത്തച്ഛനൊപ്പമായിരുന്നു ജോ കഴിഞ്ഞത്. 1964 ല്‍ ഇംഗ്ലിഷിലും രാഷ്ട്രമീമാംസയിലും ഡിഗ്രിയെടുത്തു. 1968 ല്‍ നിയമബിരുദം ലഭിച്ചു.തൊട്ടടുത്ത വര്‍ഷം നെയ്ലയുമായി വിവാഹം.
ബോ, റോബര്‍ട്ട്, നവോമി എന്നിവര്‍ മക്കള്‍. 1972 ല്‍ 29-ാം വയസില്‍ സെനറ്റിലെത്തി. നെയ്ലയുടെ മരണത്തെത്തുടര്‍ന്ന് 1977ല്‍ ജില്‍ ജേക്കബ്സിനെ വിവഹം ചെയ്തു.
ആ ബന്ധത്തില്‍ ഒരു മകളുണ്ട്- ആഷ്ലി. 1988 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയായെങ്കിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷിനു മുന്നില്‍ പരാജയപ്പെട്ടു.
1994 ലെ ക്രൈംബില്ലിനെ പിന്തുണച്ച അദ്ദേഹം പാര്‍ട്ടിയില്‍ വിമതപക്ഷത്തെന്ന വിമര്‍ശനം നേടി. 2008 ല്‍ ഒരിക്കല്‍ക്കൂടി പ്രസിഡന്റ് പദത്തിനുശ്രമിച്ചു. എന്നാല്‍, പാര്‍ട്ടിയില്‍ പിന്തുണ കിട്ടിയത് ബരാക് ഒബാമയ്ക്കായിരുന്നു.
പിന്നീട് ഒബാമ തന്നെയാണ് അദ്ദേഹത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. അടുത്ത തെരഞ്ഞെടുപ്പിലും ഒബാമ അദ്ദേഹത്തെ കൂടെക്കൂട്ടി.
എന്നാല്‍ 2015ല്‍ ബൈഡന്റെ ജീവിതത്തില്‍ മറ്റൊരു ആഘാതമായി മകന്‍ ബോയുടെ മരണമെത്തി. അര്‍ബുദബാധയെത്തുടര്‍ന്നായിരുന്നു ബോയുടെ വിയോഗം.
ഇതേത്തുടര്‍ന്ന് ബൈഡന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇപ്പോള്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു നിയോഗം പോലെ ബൈഡനെത്തേടി പ്രസിഡന്റ് പദവുമെത്തി.