തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് കെമിസ്ട്രി വിഭാഗത്തിന്റെ ഫോറൻസിക് റിപ്പോർട്ട്.
നേരത്തെ ഫിസിക്സ് വിഭാഗം നൽകിയ റിപ്പോർട്ടിലും ഷോർട്ട് സർക്യൂട്ട് സാധ്യത തള്ളിയിരുന്നു. തീപിടിത്തം ഉണ്ടായ ഭാഗത്ത് പെട്രോളിന്റെയോ ഡീസലിന്റെയോ അംശം ഉണ്ടോയെന്നാണ് കെമിസ്ട്രി വിഭാഗം അന്വേഷിച്ചത്.
അതേസമയം തീപിടിത്തമുണ്ടായ ഭാഗത്ത് മദ്യത്തിന്റെ അംശമുള്ള കുപ്പികൾ കണ്ടെത്തിയതായി കെമിസ്ട്രി വിഭാഗത്തിന്റെ റിപ്പോർട്ട് പറയുന്നു. രണ്ട് കുപ്പികളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.
മാത്രമല്ല ഫാൻ ഉരുകിയതിന്റെ കാരണം വ്യക്തമല്ലെന്നും റിപ്പോർട്ട് പറയുന്നു.
തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ദുരൂഹത വർധിച്ച സാഹചര്യത്തിൽ വീണ്ടും വിദഗ്ധ ഫോറന്‍സിക് പരിശോധന നടത്താനും സാധ്യതയുണ്ട്.
കൊച്ചിയിലോ ബംഗളൂരുവിലോ സാന്പിൾ അയച്ച് പരിശോധന നടത്താനാണ് ആലോചന. ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്.
സ്വർണക്കടത്ത് കേസിൽ അന്വേഷണം നടക്കുന്നതിനിടെ നടന്ന തീപിടിത്തം കേസ് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തീപിടിത്തത്തിനു പിന്നിൽ ഷോർട് സർക്യൂട്ട് ആണെന്നായിരുന്നു സർക്കാർ വാദം.