എടക്കര: മലപ്പുറം പോത്തുകല്ലിൽ യുവതിയും മൂന്നു മക്കളും ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം.
തുടിമുട്ടിയിൽ മുതുപുറത്ത് ബിനീഷ് ശ്രീധരന്റെ ഭാര്യ രഹന (35), മക്കളായ ആദിത്യൻ (12), അനന്തു (11), അർജുൻ (8) എന്നിവരെയാണു ഞായറാഴ്ച ഞെട്ടിക്കുളം കൈയേറ്റക്കുന്നിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മ രഹനയ്ക്ക് ഒറ്റയ്ക്ക് മൂന്ന് കുട്ടികളെ കൊലപ്പെടുത്താൻ കഴിയില്ലെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഞായറാഴ്ച രാവിലെ ഒൻപതരയോടെ രഹന ഞെട്ടിക്കുളം അങ്ങാടിയിൽ ഓട്ടോറിക്ഷയിൽ പോയി വരുന്നതു കണ്ടവരുണ്ട്.
പിന്നീട് കണ്ണൂർ ഇരിക്കൂറിൽ ടാപ്പിംഗ് ജോലി ചെയ്യുന്ന ഭർത്താവ് ബിനീഷ് മൊബൈലിൽ രഹനയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
11 ഓടെ അയൽവാസികൾ എത്തി വിളിച്ചെങ്കിലും ആരെയും കാണാത്തതിനെത്തുടർന്ന് നാട്ടുകാരെ കൂട്ടി വീടിന്റെ പിൻവാതിൽ ചവുട്ടിപ്പൊളിച്ച് അകത്തു കടക്കുകയായിരുന്നു.
വീടിന്റെ വരാന്ത പോലുള്ള ഭാഗത്ത് നാലുപേരും ചുരിദാറിന്റെ ഷാളിലും മുണ്ടിലുമായി തൂങ്ങിനിൽക്കുന്ന നിലയിലാണ് കണ്ടത്.
ഭക്ഷ്യവസ്തുക്കളിൽ വിഷം കലർത്തി നൽകിയ ശേഷം രഹന കുട്ടികളെ കെട്ടിത്തൂക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. ഇന്നു നടക്കുന്ന ബന്ധുവിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് രഹനയും ബിനീഷുമായി തർക്കമുണ്ടായതായി പറയപ്പെടുന്നുണ്ട്.
മുന്പ് ഇവർ തമ്മിലുള്ള കുടുംബവഴക്ക് ബന്ധുക്കളുടെ സാന്നിധ്യത്തിൽ പോലീസ് രമ്യതയിലെത്തിച്ചിരുന്നു.
ഒക്ടോബർ 29ന് നാട്ടിലെത്തിയ ബിനീഷ് നവംബർ മൂന്നിനാണു ജോലി സ്ഥലത്തേക്കു മടങ്ങിയത്. തുടിമുട്ടിയിൽ താമസിച്ചിരുന്ന കുടുംബം 2019-ലെ പ്രളയത്തെത്തുടർന്നാണ് ഞെട്ടിക്കുളത്തെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്.