കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്നെ പേരില്‍ യു ടൂബര് വിജയ് പി. നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും മറ്റു രണ്ടു പേർക്കും ജാമ്യം.
ഭാഗ്യലക്ഷ്മിക്ക് പുറമേ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമം കൈയിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയാറാകണമെന്ന് കോടതി വക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തു.
എന്നാല്‍ വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നുമാണ് ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നവരും വാദിച്ചത്.
ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു വിജയ് പി. നായരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
മുറിയില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ മോഷ്ടിക്കുകയും മര്‍ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്കിയാല് അത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു വിജയ് പി. നായരുടെ വാദം.
കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ വിജയ് പി. നായരുടെ ദേഹത്ത് നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദിക്കുകയും ചെയ്തത്.
വിജയ് പി.നായര്‍ തന്റെ യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ നേരത്തെ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു.