പൊൻകുന്നം: കുന്നുംഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മാല മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പാറശാല സ്വദേശിയും ഏലപ്പാറ ഭാഗത്ത് താമസിക്കുകയും ചെയ്യുന്ന സൈജു (35) ആണ് അറസ്റ്റിലായത്.
ഇയാളെ ചോദ്യം ചെയ്തു വരുന്നതായി പൊൻകുന്നം പോലീസ് പറഞ്ഞു. മോഷ്്ടിച്ച മാല കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച കുന്നുംഭാഗത്ത് മോഷണശ്രമവും വെള്ളിയാഴ്ച മോഷണവും ഇയാൾ നടത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ 9.30നു കുന്നുംഭാഗം ഗവണ്മെൻറ് സ്കൂളിന് സമീപത്തു വച്ച് സ്കൂട്ടറിലെത്തിയ പ്രതി വഴിയാത്രക്കാരിയുടെ മാല കവർച്ച ചെയ്തിരുന്നു.
കൂരാലി കിഴക്കേടത്ത് ആശാകുമാരിയുടെ കഴുത്തിൽ കിടന്ന രണ്ട് പവൻ വീതം തൂക്കം വരുന്ന രണ്ട് മാലകളാണ് കവർന്നത്. ഇവർ കുന്നുംഭാഗത്തെ കുടുംബ വീട്ടിലേക്ക് പോകും വഴിയായിരുന്നു മോഷണം.
കറുത്ത ആക്ടീവയിൽ ജാക്കറ്റ് ധരിച്ചെത്തിയാണ് കവർച്ച നടത്തിയത്. മാല മോഷ്്ടിക്കാനുള്ള ശ്രമത്തിൽ വീട്ടമ്മയുടെ കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു.
വ്യാഴാഴ്ച കുന്നുംഭാഗം – മറ്റത്തിൽപ്പടി റോഡിൽ കൂടി നടന്നു പോവുകയായിരുന്ന പാന്പാടി വരിക്കാനി ഓമനയുടെ മാല മോഷ്ടിക്കാനാണ് ശ്രമം നടത്തിയത്.
ഓമനയുടെ കഴുത്തിനും ചുണ്ടിനും പരിക്കേറ്റിരുന്നു. പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പു നടത്തി.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ, പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എസ്. രാജീവ്, എസ്ഐ മനോജ് കുമാർ, പോലീസുകാരായ അനിൽ, അഭിലാഷ്, രവീന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.