സ്വന്തം ലേഖകന്‍
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പും അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ബിജെപി കേരള ഘടകത്തില്‍ തത്കാലം വെടിനിര്‍ത്തല്‍.
ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ശോഭ സുരേന്ദ്രനോട് പാര്‍ട്ടിയില്‍ സജീവമാകാനും തെരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്തു മുന്‍നിരയില്‍ നില്‍ക്കാനും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു.
പാര്‍ട്ടിയില്‍ സുരേന്ദ്രനോട് എതിര്‍പ്പുള്ളവരെയും പുനഃസംഘടനയില്‍ അതൃപ്തിയുള്ളവരെയും ഒപ്പം നിര്‍ത്തി നേതൃത്വത്തിനെതിരേ ശക്തമായി നിലകൊള്ളാന്‍ ശോഭ തീരുമാനിച്ചതോടെയാണ് ആര്‍എസ് എസ് നേതൃത്വം ഇടപെട്ടത്.
തുടര്‍ന്ന് ശോഭാ സുരേന്ദ്രന് സോഷ്യല്‍ മീഡിയയിലൂടെ സംസ്ഥാനസര്‍ക്കാരിനും മന്ത്രി കെ.കെ. ശൈലജയ്ക്കുമെതിരേ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.
വോഗ് മാഗസിനില്‍ വുമണ്‍ ഓഫ് ദി ഇയര്‍ 2020 സീരിസില്‍ മന്ത്രിയുടെ ചിത്രം മുഖചിത്രമായി പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്. തുടര്‍ന്നും സോഷ്യല്‍ മീഡിയവഴി സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെട്ടു തുടങ്ങാനാണ് ശോഭാ സുരേന്ദ്രന്റെ നീക്കം.
ബീഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്ന നേതൃത്വം ഇനി അടുത്തതായി വരാനിരിക്കുന്ന കേരള തെരഞ്ഞെടുപ്പാണ് ലക്ഷ്യം വയ്ക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരേ സമ്മര്‍ദം ശക്തമാക്കാനുള്ള നീക്കം കേന്ദ്രനേതൃത്വം അംഗീകരിക്കില്ലെന്ന ശക്തമായസൂചനയാണ് നല്‍കിയിരിക്കുന്നത്.
ശോഭ പരസ്യമായി പ്രതികരിച്ചിട്ടും അതൊക്കെ തുടരെ അവഗണിച്ച് കൂടുതല്‍ വിഴുപ്പലക്കലിനു നില്‍ക്കാതെ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ നിന്നത് പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ചചെയ്യാമെന്ന നിലപാടിന്റെ ഭാഗമാണ്.
ബിജെപിയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. എന്നാല്‍ പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന പ്രവണത സംഘ നേതൃത്വം അംഗീകരിക്കുന്നില്ല. പ്രത്യേകിച്ചും നിലവിലെ സാഹചര്യത്തില്‍. ത്തല്