പത്തനംതിട്ട: കോടതി ഉത്തരവ് നിലനില്‍ക്കെ സ്വകാര്യവസ്തുവില് ജനപ്രതിനിധികളടക്കം കടന്നുകയറി തോട് നിര്‍മിക്കുകയും ഉടമയെ മര്‍ദിക്കുകയും ചെയ്തതായി പരാതി. കുന്നന്താനം ആഞ്ഞിലിത്താനം സ്വദേശിയായ പി.സി. ജോയി പല്ലാട്ടിനാണ് മര്‍ദനമേറ്റത്.
മല്ലപ്പള്ളി ടൗണില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 46 സെന്റു സ്ഥലത്താണ് കടന്നുകയറ്റമുണ്ടായത്. വസ്തു വാങ്ങിയപ്പോള്‍ തന്നെ അളന്നു തിരിച്ചു കൃഷി നടത്തിയിരുന്നു.
ഈ വസ്തുവില്‍ ചില ഇടതുപക്ഷ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കടന്നുകയറി ആക്രമണം നടത്തിയതായി പി.സി. ജോയി പത്രസമ്മേളനത്തില്‍ പറഞ്ഞു.
വസ്തുവില്‍ കടന്നുകയറി തോട് തീര്‍ക്കുകയും അതിരുകള്‍ നശിപ്പിക്കുകയും അഞ്ചു സെന്റ് സ്ഥലത്തെ മണ്ണു മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തു.പോലീസില്‍ നല്കിയ പരാതിയും നടപടി ഉണ്ടായില്ല.
ഇതിന്റെ പേരില്‍ സിപിഎം ജില്ലാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ തന്നെ മര്‍ദിച്ചതായും ജോയി പറഞ്ഞു. തുടര്‍ന്ന് തിരുവല്ല മുന്‍സിഫ് കോടതിയില്‍ നിന്നു നിരോധന ഉത്തരവ് വാങ്ങി.
ഹൈക്കോടതി തനിക്ക് സംരക്ഷണം നല്കാന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഉത്തരവ് നിലനില്‍ക്കെ വസ്തുവില്‍ ജോലി ചെയ്യുന്നതിനിടെ തനിക്കുനേരെ ഇതേ ആളുകള്‍ ആക്രമണം നടത്തിയതായും ജോയി കുറ്റപ്പെടുത്തി.