പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നതിൽ ബിജെപിക്കുള്ളിൽ എതിർപ്പെന്ന് റിപ്പോർട്ടുകൾ വരുന്നു. നിതീഷ്കുമാർ തന്നെയാണ് തങ്ങളുടെ മുഖ്യമന്ത്രിയെന്നു ബിജെപി നേതൃത്വം വോട്ടെണ്ണൽ വേളയിൽ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ ആ നിലപാടിൽ മാറ്റം വന്നിട്ടുണ്ട്.
മുഖ്യമന്ത്രിയാകണമോ വേണ്ടയോ എന്നതു നിതീഷ്കുമാറിന്റെ ധാർമികതയ്ക്ക് അനുസരിച്ച് തീരുമാനിക്കാമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോൾ നിലപാടു സ്വീകരിച്ചിരിക്കുന്നത്. ഇതു നിതീഷ് കുമാറിനു സമ്മർദം കൂട്ടാനാണെന്നു വിലയിരുത്തപ്പെടുന്നു.
മുഖ്യമന്ത്രി പദം രണ്ടു ടേം ആയി പങ്കുവയ്പ്പിക്കുക എന്നതിലേക്കെങ്കിലും നിതീഷിനെ കൊണ്ടുവരാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നതെന്നാണ് സൂചന.
എൻഡിഎ സഖ്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് മുഖ്യമന്ത്രിയാകുന്നതാണ് ശരിയായ കീഴ്വഴക്കമെന്നു പറയാതെ പറയുകയാണ് ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോൾ.
എന്നാൽ, നിതീഷ്കുമാർ മുഖ്യമന്ത്രിയാകാൻ വാശിപിടിച്ചാൽ ബിജെപി മനസില്ലാ മനസോടെ സമ്മതിച്ചേക്കും. കാരണം, മഹാരാഷ്ട്രയിലെ അനുഭവം ബിജെപിക്കു മുന്നിലുണ്ട്.
ഏതു കളിക്കും മടിക്കാത്ത ആളാണ് നിതീഷ് കുമാർ. ഇപ്പോൾ തന്നെ ബിജെപിയുമായി അത്ര രസത്തിലല്ലതാനും. ചിരാഗ് പാസ്വാനെ ഇറക്കി ജെഡിയുവിനെ ഒതുക്കിയതു ബിജെപിയാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
മറുപക്ഷത്തെ ആർജെഡിയുമായി നിതീഷ്കുമാർ കൈ കോർത്താൽ ബിജെപിക്കു ബിഹാറിൽ കാര്യങ്ങൾ കൈവിട്ടുപോകും. ഇതൊഴിവാക്കാൻ നിതീഷ്കുമാറിനെ സൂത്രത്തിൽ കൂടെ നിർത്തുകയും മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് ഏറ്റെടുക്കാനുമുള്ള കരുനീക്കങ്ങളാണ് ബിജെപി നടത്തുന്നത്.
എന്തായാലും മുഖ്യമന്ത്രി ആയാലും വരുന്ന സർക്കാരിൽ നിതീഷ്കുമാറിനു വലിയ റോളൊന്നും കാണില്ലായെന്നതാണ് യാഥാർഥ്യം. 243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ ഭരണത്തുടർച്ച കരസ്ഥമാക്കിയത്.
വിശ്വസിക്കാനാവാതെ
തെരഞ്ഞെടുപ്പ് ഫലം എൻഡിഎയ്ക്ക് അനുകൂലമായിട്ടും വിശ്വസിക്കാനാവാതെ ആർജെഡി-കോൺഗ്രസ് മഹാസഖ്യം. 500ൽ കുറഞ്ഞ ഭൂരിപക്ഷത്തിൽ തോറ്റുപോയ മണ്ഡലത്തിൽ വീണ്ടും റീ കൗണ്ടിംഗ് വേണമെന്നാണ് മഹാസഖ്യത്തിന്റെ ആവശ്യം.
മഹാസഖ്യത്തിന്റെ ഈ ആവശ്യം ഇന്നലെ ഇലക്ഷൻ കമ്മീഷൻ തള്ളിയിരുന്നു. ഇതോടെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മഹാസഖ്യം. ഇന്നു തന്നെ സുപ്രീം കോടതിയെ സമീപിച്ചേക്കും. 12 സീറ്റുകളിൽ നടന്ന വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായിട്ടാണ് ആർജെഡിയുടെ ആരോപണം.
കോൺഗ്രസ് ക്യാന്പ് മൂകം
ആർജെഡിയോട് വാശിപിടിച്ച് 70സീറ്റുകൾ നേടിയെടുത്തെങ്കിലും 19 സീറ്റുകളിൽ മാത്രമേ കോൺഗ്രസിന് വിജയിക്കാനായുള്ളൂവെന്നതു കോൺഗ്രസിന് നാണക്കേടാവുകയാണ്.
2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 41 സീറ്റുകളിൽ മത്സരിക്കുകയും 27 സീറ്റിൽ വിജയിക്കുകയും ചെയ്ത കോൺഗ്രസിനാണ് ഈ ദുർഗതി. ബിഹാറിൽ കോൺഗ്രസ് സംവിധാനം പാടേ ദുർബലമാണെന്നതിന്റെ വ്യക്തമായ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം.
ഇതോടെ വരും കാലങ്ങളിൽ മഹാസഖ്യത്തിൽ കോൺഗ്രസിന്റെ ആവശ്യങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാൻ ആർജെഡി തയാറായേക്കില്ല.
തേജസ്വി യാദവിന്റെ ജനപിന്തുണയിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ പലേടത്തും വിജയിച്ചു കയറിയതെന്നും സ്വന്തം നിലയ്ക്ക് ഒരു മുന്നേറ്റം നടത്താൻ കോൺഗ്രസിനായില്ലായെന്നും ആർജെഡി പ്രവർത്തകർ തന്നെ പറയുന്നുണ്ട്.
ഇടതിനെ പ്രശംസിച്ച്
തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയ ഇടതുപക്ഷത്തെ പ്രശംസിച്ച് ആർജെഡി നേതാക്കൾ. മത്സരിക്കാൻ 29 സീറ്റുകൾ മാത്രം ലഭിച്ച ഇടതു പാർട്ടികൾക്ക് (സിപിഐ-എംഎൽ, സിപിഐ, സിപിഎം) 17 സീറ്റുകളിൽ വിജയിക്കാനായി എന്നത് ഇടതുപാർട്ടികളുടെ വലിയ മുന്നേറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ഇടതു പാർട്ടികളിൽ സിപിഐ-എംഎൽ- 11, സിപിഐ-മൂന്ന്, സിപിഎം-മൂന്ന് എന്നിങ്ങനെയാണ് വിജയിച്ചത്. അടുത്തതായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാൾ, ആസാം, തമിഴ്നാട് എന്നിവിടങ്ങളിൽ സീറ്റ് വിഹിതം കൂട്ടാൻ ഇടതുപാർട്ടികൾക്ക് ഈ വിജയം ഗുണം ചെയ്യും.
ഉവൈസിക്കു വിമർശനം
അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിക്ക് അഞ്ചു സീറ്റുകൾ നേടാനായത് മഹാസഖ്യത്തിന്റെ സാധ്യതകൾക്കാണ് മങ്ങലേൽപ്പിച്ചത്. മഹാസഖ്യത്തിനു ലഭിക്കേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകൾ ഉവൈസിയുടെ എഐഎംഐഎം നേടിയെടുത്തു.
ഇതു ഫലത്തിൽ മഹാസഖ്യത്തിനു ദോഷം ചെ്തപ്പോൾ എൻഡിഎ മുന്നണിക്ക് ഗുണം ചെയ്യുകയും ചെയ്തു.ഉവൈസിയുടെ പാർട്ടിയെക്കൂടി മഹാസഖ്യത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ന്യൂനപക്ഷ വോട്ടുകൾ കൂടുതലായി മഹാസഖ്യത്തിനു ലഭിച്ചേനെ. അതുവഴി ഭരണത്തിലെത്താനും വഴിയൊരുക്കിയേനെ.
ചിരാഗ് ഒറ്റപ്പെട്ടു
എൻഡിഎ മുന്നണി വിട്ട് ഒറ്റയ്ക്കു മത്സരിച്ച ചിരാഗ് പാസ്വാന്റെ എൽജെപിക്കു വലിയ തോൽവിയായി തെരഞ്ഞെടുപ്പ് ഫലം.
ബിജെപിയോടു കൂറു പുലർത്തിയും നിതീഷ്കുമാറിന്റെ ജെഡിയുവിനെ ഇല്ലാതാക്കാനും തുനിഞ്ഞിറങ്ങിയ ചിരാഗിന്റെ പാർട്ടിക്കു ജെഡിയുവിന്റെ സീറ്റ് നില കുറയ്ക്കാനായെങ്കിലും സ്വയം ഇല്ലാതായ സ്ഥിതിയിലായി ചിരാഗിന്റെ പാർട്ടി.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ എൽജെപി പല മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നതായി വന്നിരുന്നെങ്കിലും അവസാനം ഒരു സീറ്റാണ് അവർക്കു ലഭിച്ചത്.
തൂക്കു മന്ത്രിസഭ വന്നാൽ കിംഗ് മേക്കറാകാൻ ശ്രമിച്ച ചിരാഗിനിപ്പോൾ ഉള്ള വിലയും നഷ്ടപ്പെട്ട അവസ്ഥയായിരിക്കുകയാണ്. കാര്യം കഴിഞ്ഞപ്പോൾ ബിജെപി ഇനി ചാരിഗിനോട് എന്തു സമീപനം സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.
തയാറാക്കിയത്:– നിയാസ് മുസ്തഫ