നടന്‍ വിജയ്‌യും പിതാവ് എസ്.എ ചന്ദ്രശേഖറുമായുള്ള പോരു മുറുകുന്നു. ചന്ദ്രശേഖറിന്റെ രാഷ്ട്രീയപ്രവേശത്തെത്തുടര്‍ന്ന് ഉടലെടുത്ത ഭിന്നതകള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍.
ഈ സാഹചര്യത്തില്‍ വിജയ് തന്റെ ഫാന്‍സ് അസോസിയേഷന്‍ (വിജയ് മക്കള്‍ ഇയക്കം) ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ചു. ഇസിആറിലെ അതിഥി മന്ദിരത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്.
പിതാവ് രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരു രീതിയിലും സഹകരിക്കരുതെന്നു താരം ഭാരവാഹികളോട് പറഞ്ഞതായാണു വിവരം.
മധുരയില്‍ വിജയ് ആരാധകര്‍ യോഗം ചേര്‍ന്ന്, ചന്ദ്രശേഖര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്നു പ്രതിജ്ഞയെടുത്തു.
വിജയ് ഫാന്‍സ് അസോസിയേഷനെ, അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കമെന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ അപേക്ഷ നല്‍കിയതോടെയാണു ഭിന്നതയുടെ തുടക്കം.
തീരുമാനം തന്റെ അറിവോടെയല്ലെന്നും ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രസ്താവനയിറക്കുകയായിരുന്നു.പേരോ ചിത്രമോ ദുരുപയോഗം ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നല്‍കി.
ഇതോടെയാണ് വിജയ്‌യും പിതാവും തമ്മിലുള്ള അസ്വാരസ്യം പുറത്തായത്. വിജയ്യുടെ അമ്മ ശോഭ പിന്നീട് ഇതു സ്ഥിരീകരിക്കുകയും ചെയ്തു.
രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പരസ്യ പ്രസ്താവന അരുതെന്ന വിലക്കിയിട്ടും ചെവിക്കൊള്ളാത്ത പിതാവുമായി വിജയ് ഇപ്പോള്‍ മിണ്ടാറില്ലെന്നായിരുന്നു ശോഭയുടെ വെളിപ്പെടുത്തല്‍.
പുതിയ രാഷ്ട്രീയ പാര്‍ട്ടിയിലേക്കു ആരാധകര്‍ പോകുന്നതു തടയണമെന്നും ജില്ലാ ഭാരവാഹികള്‍ക്കു വിജയ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.