പയ്യന്നൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനു പിന്നാലെ പയ്യന്നൂരിലെ അമാന്‍ ഗോള്‍ഡിനെതിരെയുള്ള പരാതികളില്‍ മൂന്നുകേസുകള്‍. ലാഭവിഹിതമുള്‍പ്പെടെ തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ സ്വീകരിച്ച നിക്ഷേപം തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്ന പരാതികളിലാണു കേസുകള്‍.
തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ ടി.നൂറുദ്ദീന്‍, പെരുമ്പയിലെ കെ.കുഞ്ഞാലിമ, കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ടി.പി.ഇബ്രാഹംകുട്ടി എന്നിവരുടെ പരാതികളിലാണു പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
പെരുമ്പയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അമാന്‍ ഗോള്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍ രാമന്തളി വടക്കുമ്പാട് സ്വദേശി പി.കെ.മൊയ്തു ഹാജിക്കെതിരെയാണു പയ്യന്നൂര്‍ പോലിസ് കേസെടുത്തത്.
നൂറുദ്ദീനില്നിന്നും 2017 ജൂലൈ ഒന്പതിനു 15 ലക്ഷം രൂപയും കുഞ്ഞാലിമയില്നിന്നും 2016 ഫെബ്രുവരി ഒന്പതിനു മൂന്നുലക്ഷം രൂപയും
ഇബ്രാഹിം കുട്ടിയില്‍നിന്ന് 2016 ഒക്ടോബര്‍ 31ന് 20 ലക്ഷം രൂപയും നിക്ഷേപമായി സ്വീകരിച്ചുവെന്നും വ്യവസ്ഥകള്‍ ലംഘിച്ചു പണം തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നുമുള്ള പരാതികളിലാണ് പോലീസ് കേസെടുത്തത്.
വരുമാനം കാണിക്കാന്‍ കഴിയുന്നവരാണു പരാതികളുമായി എത്തുന്നതെന്നും വരുമാനം കാണിക്കാന്‍ കഴിയാത്തവര്‍ മിണ്ടാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ് പറഞ്ഞു.
അമാന്‍ ഗോള്‍ഡിനെതിരെ കൂടുതല്‍ പരാതികളെത്തിയിട്ടുണ്ടെന്നും ഇതു പരിശോധിച്ച ശേഷം വരുംദിവസങ്ങളില്‍ കൂടുതല്‍ കേസുകളുണ്ടാകുമെന്നാണു പോലീസ് നല്കുന്ന സൂചന.