സ്വന്തം ലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ‘എത്തും’. ഓരോ ബൂത്തിലും സ്ഥാപിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ ഉള്‍പ്പെടുത്താനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
അതത് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ ഫോട്ടോക്കൊപ്പം പ്രചാരണ ബോര്‍ഡുകളില്‍ മോദിയും നിറഞ്ഞു നില്‍ക്കണം. ഇനിയുള്ള ദിനരാത്രങ്ങളില്‍ മോദി തരംഗം പരമാവധി സൃഷ്ടിച്ച് വോട്ടാക്കാനാണ് തീരുമാനം.
ബീഹാറില്‍ മഹാസഖ്യത്തിനെതിരേ ഭരണം നിലനിര്‍ത്തിയതും ഉത്തരേന്ത്യയിലെ ഉപതെരഞ്ഞെടുപ്പിലെ വിജയങ്ങളും സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യം ഒരുക്കുമെന്നും പ്രചാരണത്തിന് ഏറ്റവും അനുകൂല സമയമാണിതെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി.
ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ സഹായങ്ങള്‍ എന്തെല്ലാമാണെന്നതും ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള ശ്രമവും ബിജെപി ആരംഭിച്ചിട്ടുണ്ട്.
ഇക്കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ജനങ്ങളില്‍ എത്തിക്കുകയും ചെയ്ത പദ്ധതികളെ കുറിച്ച് വോട്ടര്‍മാരെ ബോധവാന്മാരാക്കും. കൂടാതെ കേന്ദ്രപദ്ധതികളിലൂടെ സഹായം ലഭിച്ചവരുടെ വിവരങ്ങളും ബിജെപി ശേഖരിക്കുന്നുണ്ട്.
ഓരോ ബൂത്തിലും സഹായം ലഭിച്ചവരുടെ വീട്ടിലെത്തി വോട്ട് അഭ്യര്‍ഥിക്കും. ലഭിച്ചിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ കുറിച്ച് വീട്ടുകാര്‍ക്ക് വ്യക്തമാക്കി നല്‍കാനും സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. ജില്ലാ കമ്മിറ്റികള്‍ ഇത്തരത്തിലുള്ള നടപടികള്‍ ആരംഭിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം രണ്ട് തരത്തിലാണ് ബിജെപി നടപ്പാക്കുന്നത്. കുറ്റപത്രവും വികസന രേഖയും തയാറാക്കിയാണ് വോട്ട് പിടിക്കാനിറങ്ങുന്നത്. ഓരോ വാര്‍ഡിലും ഇതുവരെ ഭരിച്ചവര്‍ നടപ്പാക്കാത്ത പ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കുറ്റപത്രം തയാറാക്കുന്നത്.
ഈ വാര്‍ഡുകളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള വികസന രേഖ തയാറാക്കി വോട്ടര്‍മാരില്‍ എത്തിക്കുകയും ചെയ്യും.