പറവ എന്ന സിനിമയിൽ പ്രാവുകളെ ഉപയോഗിച്ചുള്ള മത്സരം കണ്ടിട്ടില്ലേ? ആ പ്രാവുകൾക്ക് എന്തുവില വരും. ആയിരങ്ങൾ? പതിനായിരങ്ങൾ? ലക്ഷങ്ങൾ? എന്നാൽ ഇത്തരത്തിലുള്ള ഒരു പ്രാവിന്റെ വില കേട്ട് അന്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.
ബെൽജിയത്തിലെ പ്രശസ്ത പ്രാവ് വളർത്ത് കൂട്ടായ്മയായ ഹോക് വാൻ ഡി വൗവർ തങ്ങളുടെ കൈയിലുള്ള റേസിംഗ് പ്രാവുകളുടെ മുഴുവൻ ശേഖരവും വിൽക്കുയാണ്. അച്ഛൻ ഗാസ്റ്റണും, മകൻ കേർട്ട് വാൻ ഡി വൗവറും ചേർന്നാണ് പ്രാവുകളെ ലേലത്തിന് വച്ചത്.
അവരുടെ കൈയിൽ ദേശീയതലത്തിൽ കിരീടമണിഞ്ഞ നിരവധി പ്രാവുകളുണ്ട്. ഇതിൽ ഏറ്റവു മിടുക്കി രണ്ട് വയസുള്ള റേസിംഗ് പ്രാവായ ന്യൂ കിമ്മാണ്. ഇവൾ അത്ര നിസ്സാരക്കാരിയല്ല. ഒരുപാട് മത്സരങ്ങളിൽ വിജയിച്ചിട്ടുള്ള ഇവൾ റേസിംഗ് ലോകത്തെ താരമാണ്.
ഇതിനെ ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഒരു വ്യക്തി ഓൺലൈനിൽ 11 കോടി 61 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ചിരിക്കുകയാണ്! കഴിഞ്ഞ തിങ്കളാഴ്ച പിപ, പിജിയൻ പാരഡൈസ് വെബ്സൈറ്റിലാണ് ലേലം ആരംഭിച്ചത്.
180 പൗണ്ടായിരുന്നു (ഏകദേശം 18,000 രൂപ) ന്യൂ കിമ്മിന്റെ അടിസ്ഥാന വില. ഒന്നര മണിക്കൂറിനുള്ളിൽ ന്യൂ കിമ്മിന് 300 ബിഡ്ഡുകൾ ലഭിച്ചു. അതിൽ ഏറ്റവും ഉയർന്നത് 1.3 ദശലക്ഷം യൂറോയായിരുന്നു. ബിഡിംഗ് ഇനിയും അഞ്ചുദിവസം കൂടി നീളും.
അങ്ങനെയെന്നാൽ വില ഇനിയും കൂടാനാണ് സാധ്യത. 2019 -ൽ മറ്റൊരു ബെൽജിയം പ്രാവായ അർമാണ്ടോയെ ഒരു ചൈനീസ് കൺസ്ട്രക്ഷൻ മുതലാളി വാങ്ങിയത് 10 കോടിക്കാണ്. ആ റിക്കാർഡാണ് ന്യൂ കിം തകർത്തത്.