പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് മുടക്കിയത് മൂന്നര കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൃത്യമായി പറഞ്ഞാല്‍ 3,56,19,991 രൂപ. നിയമസഭയില്‍ കെ.സി ജോസഫിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന് രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. സര്‍ക്കാര്‍ സ്ഥാനാരോഹണ പ്രചാരണത്തിന് കോടികള്‍ മുടക്കി പരസ്യം ചെയ്തത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയായിരുന്നു.
സര്‍ക്കാര്‍ ചെലവില്‍ സത്യപ്രതിജ്ഞക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ടാണ് ദേശീയ മാധ്യമങ്ങളിലടക്കം പരസ്യം നല്‍കിയത്. ഇതിനായി അച്ചടി മാധ്യങ്ങള്‍ക്ക് 2.52 കോടി രൂപയുടെയും ദൃശ്യമാധ്യമങ്ങള്‍ക്ക് ഏകദേശം 10.35 ലക്ഷം രൂപയുമാണ് നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് പരസ്യങ്ങള്‍ നല്‍കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പരസ്യങ്ങള്‍ക്കുവേണ്ടി കോടികള്‍ ചെലവാക്കിയത് വിവാദമായിരുന്നു.
അതേസമയം, പ്രതിപക്ഷനേതാവായിരുന്ന കാലത്ത് വി.എസ്. അച്യുതാനന്ദന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് മോടി കൂട്ടാന്‍ ചെലവഴിച്ചത് 82.29 ലക്ഷം രൂപയാണ്. സാധാന സാമഗ്രികള്‍ വാങ്ങാനായി 13.60 ലക്ഷം രൂപയാണ് ചെലവഴിച്ചത്. അതേസമയം, ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ചെലവിട്ടത് വെറും 5.67 ലക്ഷം രൂപയും.