ബംഗളൂരു: മയക്കുമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കോടതി റിമാൻഡ് ചെയ്തു.
ഈ മാസം 25 വരെ റിമാൻഡ് ചെയ്ത ബിനീഷിനെ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥർക്കു മുന്‍പാകെ ഹാജരായ ബിനീഷിനെ ഒക്ടോബർ 29നാണ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ 11.30 ഓടെയാണ് ബിനീഷിനെ ഇഡി ഉദ്യോഗസ്ഥർ അഡീഷണൽ സിറ്റി ആൻഡ് സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.
കോടതി ചേർന്ന ഉടൻ തന്നെ ജാമ്യഹർജി പരിഗണിക്കണമെന്ന്, ബിനീഷിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് കമ്മത്ത് ആവശ്യപ്പെട്ടു.
എന്നാൽ, ജാമ്യഹർജി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ബിനീഷിനെതിരെ ഇഡി കൂടുതൽ തെളിവുകൾ നിരത്തി. ഇതോടെ കോടതി റിമാൻഡ് ചെയ്തു. നവംബർ 18ന് ജാമ്യഹർജി പരിഗണിക്കാമെന്നു കോടതി അറിയിച്ചിട്ടുണ്ട്.
ബിനീഷിന് സാന്പത്തിക-രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അതിന്റെ തെളിവാണു കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് റെയ്ഡിനിടെ നടന്ന സംഭവങ്ങളെന്നും ഇഡി കോടതിയെ ബോധിപ്പിച്ചു.
വാർത്തകൾ നൽകുന്നതു തടയണമെന്നും അടച്ചിട്ട മുറിയിൽ കേസ് കേൾക്കണമെന്നുമുള്ള ബിനീഷിന്റെ ആവശ്യവും ഇന്നലെ കോടതി അംഗീകരിച്ചില്ല.
മാധ്യമങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥരും കോടതി ജീവനക്കാരും വിവരങ്ങള്‍ ചോര്‍ത്തി നൽകുകയാണെന്നു ബിനീഷിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് സ്വാഭാവികമാണെന്നും തടയാനാവില്ലെന്നുമായിരുന്നു ജഡ്ജിയുടെ നിലപാട്.
അതേസമയം, കഴിഞ്ഞ ആറിന് കസ്റ്റഡി അപേക്ഷ നൽകിയിരുന്ന നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ സംഘം ഇന്നലെ കോടതിയിലെത്തിയില്ല. ദീപാവലിക്കുശേഷം കസ്റ്റഡിയിൽ മതിയെന്നാണ് എൻസിബി നിലപാട്.