തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറച്ച നടപടിയിൽ കേരളം തത്കാലം മാറ്റം വരുത്തില്ല.
കേന്ദ്ര നിയമഭേദഗതിയിൽ പരമാവധി പിഴയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അതിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നുമാണ് കേരളത്തിന്റെ നിലപാട്.
ഇക്കാര്യം സുപ്രീംകോടതി നിയോഗിച്ച സമിതിയെ അറിയിക്കും. ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ കുറച്ച സംസ്ഥാന സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതി സംസ്ഥാനത്തിനു കത്ത് നൽകിയിരുന്നു.
ഏതൊക്കെ നിയമലംഘനങ്ങളുടെ പിഴയാണു കുറച്ചതെന്നതടക്കമുള്ള വിവരങ്ങളും വിശദീകരണവും നൽകാനും സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു.
ഹെൽമറ്റ് ധരിക്കാത്തവരുടെ ലൈസൻസ് റദ്ദാക്കണമെന്ന നിർദേശത്തോടൊപ്പമായിരുന്നു സുപ്രീം കോടതി സമിതി പിഴക്കാര്യത്തിലും വിശദീകരണം തേടിയത്.
ഈ സാഹചര്യത്തിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ എന്നിവരുമായി നടത്തിയ കൂടിയാലോനചനയിലാണു നിലപാടിലെത്തിയത്.