പെരുമ്പാവൂര്‍(കൊച്ചി): പെരുമ്പാവൂരില്‍ ആഡംബര വാഹനത്തിലെത്തി വെടിവയ്പും വടിവാള്‍ ആക്രമണവും നടത്തിയ കേസിലെ ഏഴ് പ്രതികളും പോലീസില്‍ കീഴടങ്ങിയതായി സൂചന.
ഇന്നലെ അഞ്ചു പ്രതികള്‍ കീഴടങ്ങിയതിനു പിന്നാലെ ഇന്നു രണ്ടുപേര്‍കൂടി കീഴടങ്ങിയതായാണു പുറത്തുവരുന്ന വിവരങ്ങള്‍. പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.സംഭവസ്ഥലത്ത് റൂറല്‍ എസ്പി എത്തിയതിനുശേഷമാകും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.
അതിനിടെ, സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ തണ്ടേക്കാട് സ്രാമ്പിക്കല്‍ വീട്ടില്‍ സലീമിന്റെ മകന് ആദില്‍ ഷാ (25) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
ഇന്നലെ നടന്ന ശസ്ത്രക്രിയകള്ക്കുശേഷം ആദില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും അപകട നില തരണം ചെയ്തെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിരവധി വെട്ടേറ്റതിനെത്തുടര്ന്നു ശസ്ത്രക്രിയ മണിക്കൂറുകള്‍ നീണ്ടുനിന്നു. ആദിലിനെ വെട്ടിവീഴ്ത്തി വെടിയുതിര്‍ത്ത തണ്ടേക്കാട് സ്വദേശി നിസാര്‍ ഉള്‍പ്പെടെയുള്ള പ്രതികളാണു പോലീസില്‍ കീഴടങ്ങിയത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്.