പത്തനംതിട്ട: കാഷ് ഡെപ്പോസിറ്റ് മെഷിന്(സിഡിഎം) മുഖേന കള്ളനോട്ട് മാറിയെടുക്കാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡിലായി. ഒപ്പമുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍.
അഴൂര്‍ വേളൂരേത്ത് ശബരീനാഥി (31)നെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുനില്‍ അറസ്റ്റ് ചെയ്തത്. മൂന്നു യുവാക്കള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ നാലിനാണ് ഐസിഐസിഐ ബാങ്കിന്റെ സിഡിഎമ്മില്‍ 5000 രൂപ ശബരീനാഥ് നിക്ഷേപിച്ചത്. നിതിന്‍ എന്നയാളുടെ അക്കൗണ്ടിലേക്കായിരുന്നു പണം ഇട്ടത്.
ഇതില്‍ 500ന്റെ അഞ്ച് കള്ളനോട്ടുകള്‍ ഉണ്ടായിരുന്നു. വിവരം ശ്രദ്ധയില്‍പ്പെട്ട ബാങ്ക് മാനേജര്‍ അക്കൗണ്ട് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും അടക്കം പോലീസില്‍ പരാതി നല്കി.
നിതിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് പണമിട്ടത് ശബരിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇയാളെയും വരുത്തി.
അഖില്‍ എന്ന യുവാവാണ് തനിക്ക് പണം നല്‍കിയത് എന്നായിരുന്നു ശബരിയുടെ മൊഴി. കൊല്ലം സ്വദേശിയാണ് നോട്ടുകള്‍ കൈമാറിയതെന്ന് അഖിൽ പോലീസിനോട് പറഞ്ഞു.
പോലീസ് നടത്തിയ അന്വേഷണത്തിന് ശേഷം നോട്ട് സിഡിഎമ്മില്‍ ഇട്ടയാളെന്ന നിലയില്‍ ശബരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
നോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ വേണ്ടി ശബരിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.