കടുത്തുരുത്തി: കോവിഡ് 19 ദുരന്തമായി സമൂഹത്തിൽ വ്യാപിച്ചതോടെ വിവിധ മേഖലകളിൽ പണിയെടുത്തിരുന്നവർ പലർക്കും തൊഴിൽ നഷ്ടപെട്ടു.
മാസങ്ങളോളം പണിയൊന്നുമില്ലാതെ വീട്ടിൽ കുത്തിയിരുന്നവരിൽ പലരും മറ്റു മാർഗങ്ങളൊന്നുമില്ലെന്നായതോടെ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്ത തൊഴിൽമേഖലകൾ തേടിയിറങ്ങി.
കാറ്ററിംഗ്, വാഹനമേഖല, സ്റ്റുഡിയോ, ലൈറ്റ് ആന്റ് സൗണ്ട്, മേളക്കാർ, കലാകാര·ാർ, ടൂറിസ്റ്റ് മേഖല എന്നിങ്ങനെ തൊഴിൽ നഷ്ടപെട്ട മേഖലകൾ എണ്ണിയാൽ തീരില്ല.
കാറ്ററിംഗ്, സ്റ്റുഡിയോ തുടങ്ങീ മേഖലകളിൽ അടുത്ത കാലത്തായി അനക്കം വച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും പഴയ പ്രതാപത്തിലേക്കു എന്ന് മടങ്ങിയെത്തുമെന്ന് ആർക്കും ഉറപ്പ് പറയാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുമുള്ളത്.
കാലങ്ങളായി ഇഷ്ടപെട്ട തൊഴിൽ മാത്രം ചെയ്തു ശീലിച്ചവർ ഇന്ന് ജീവിക്കാനായി പല വേഷങ്ങൾ ഇതിനോടകം മാറി കഴിഞ്ഞു. വരുമാനം നിലച്ചതോടെ പലരും മറ്റു തൊഴിൽ മേഖലകളിലേക്ക് കളം മാറി ചവുട്ടി.
മീൻപിടുത്തവും കച്ചവടവും പെയിന്റിംഗ്, ഡ്രൈവിംഗ്, പാൽ, പച്ചക്കറി, മത്സ്യ വിൽപന, കന്നുകാലി, കോഴി, താറാവ് വളർത്തൽ, റോഡരികിൽ വാഹനങ്ങളിലെത്തി ബിരിയാണികൾ ഉൾപെടെയുള്ള ഭക്ഷണസാധനങ്ങളുടെ വിൽപന എന്നിങ്ങനെ വിവിധ മേഖലകളിലേക്കു തൊഴിൽ തേടി പോയവരാണ് കൂടുതലാളുകളും.
ആഘോഷങ്ങളും ആരവങ്ങളും നിലച്ചതോടെ കാമറയുടെ പിന്നിൽ മികവോടെ ജോലി ചെയ്തിരുന്ന സ്റ്റുഡിയോ മേഖലയിൽ പ്രവർത്തിച്ചിരുന്നവരിൽ പലരും കളം വിട്ടു കഴിഞ്ഞു.
ലക്ഷങ്ങൾ വായ്പയെടുത്തും സ്വർണം പണയം വച്ചുമെല്ലാം സ്ഥാപനം തുടങ്ങിയവരെല്ലാം ഇന്ന് കടുത്ത ബാധ്യതയിലാണ്. ഇനിയെന്ന് പ്രതിസന്ധി അവസാനിക്കുമെന്ന് അറിയാനാകാത്തതും
അടുത്ത നാളുകളിലൊന്നും തങ്ങളുടെ ജീവിതത്തിന് കാലങ്ങളായി ചെയ്തിരുന്ന തൊഴിൽ കൊണ്ട് അന്നമുണ്ണാൻ കഴിയില്ലെന്ന തിരിച്ചറിവും കൂടിയായപ്പോഴാണ് പലരും തങ്ങൾ ചെയ്തിരുന്ന തൊഴിൽ മേഖലയിൽ നിന്നും മാറി തുടങ്ങിയത്.
പരിചിത മുഖങ്ങളിൽ പലതും നാളിതുവരെ കണ്ടിട്ടാല്ലാത്ത മേഖലകളിൽ കണ്ട് തുടങ്ങിയതോടെ സാന്പത്തിക, തൊഴിൽ മേഖലകളിലെ തകർച്ച ആരും വിവരിക്കാതെ തന്നെ ബോധ്യമായി കഴിഞ്ഞു.
ജീവിതമാർഗങ്ങൾ ഓരോന്നായി അടഞ്ഞതോടെ റോഡിന്റെ വശങ്ങളിൽ ഷെഡ് കെട്ടി വ്യാപാരം നടത്തുന്നരുടെയും പെട്ടി ഓട്ടോറിക്ഷകളിലും ബൈക്കുകളിലും മറ്റുമായി കച്ചവടം നടത്തുന്നവരുടെയും എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്.