കൊച്ചി: തിരുമ്മല്‍ കേന്ദ്രങ്ങളുടെ മറവില്‍ അനാശാസ്യം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് വിവിധ തിരുമ്മല്‍ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.
യാതൊരുവിധ ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് സര്ട്ടിഫിക്കറ്റുകളുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തിരുമ്മല്‍ കേന്ദ്രങ്ങളുടെ മറവില്‍ ആയിരങ്ങള്‍ വാങ്ങി അനാശ്വാസ്യം നടന്നിരുന്നതായ വ്യക്തമായ തെളിവുകളാണു പോലീസിനു ലഭിച്ചത്.
ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനു സമീപത്ത് പ്രവര്‍ത്തിക്കുന്ന ലാക്മി സ്പാ, ആസാദ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍ ആരോഗ്യ സ്പാ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
ആദ്യ സ്ഥാപനത്തിലെ റെയ്ഡുകള്‍ക്കുശേഷം പുറത്തിറങ്ങി മറ്റ് സ്ഥാപനങ്ങളില്‍ എത്തിയപ്പോഴേക്കും ഇവിടെയുള്ളവര്‍ മുങ്ങിയതായി പോലീസ് പറയുന്നു. മുറികള്‍ പൂട്ടാതെയും ഫാനുകളും ലൈറ്റുകളും ഓഫാക്കാതെയുമാണു പലരും മുങ്ങിയത്.
രാവിലത്തെ പരിശോധനകള്‍ക്കുശേഷം ഉച്ചകഴിഞ്ഞ് മൂന്ന് സ്ഥാപനങ്ങളിലും പോലീസ് പരിശോധന നടത്താനായി എത്തി. ഒരു ദിവസം മാത്രം 90,000 രൂപയുടെ വരുമാനം ഇത്തരം കേന്ദ്രങ്ങളില്‍ ലഭിച്ചിരുന്നതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
ടെലികോളിംഗിന്റെ മറവില്‍ നിയമനം
ടെലികോളിംഗ് എന്ന് പറഞ്ഞാണു യുവതികളെ ഇത്തരത്തിലുള്ള പല കേന്ദ്രങ്ങളിലും നിയോഗിച്ചിരുന്നത്. ഇവിടെ ജോലിക്കു ചേര്‍ന്നശേഷം വലിയ തുക പ്രതിഫലമായി ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരെ വലയില്‍ വീഴുത്തുകയായിരുന്നു പതിവെന്നും പോലീസ് വ്യക്തമാക്കുന്നു.
പോലീസ് നടത്തിയ റെയ്ഡിനിടയില്‍ സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളെ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞതില്നിന്നുമാണ് അധികൃതര്‍ക്ക് ഈ വിവരം ലഭിച്ചത്. പലരുടെയും വീടുകളില്‍ ഇവരുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ വ്യക്തമല്ലെന്നും അധികൃതര്‍ പറയുന്നു.
ഇടുങ്ങിയ മുറിയും, പ്രത്യേകം ലൈറ്റുകളും
തിരുമ്മല്‍ കേന്ദ്രങ്ങളുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം തയാറാക്കിയ മുറികള്‍ പോലീസിനെവരെ വട്ടം കറക്കി. സ്ഥാപനത്തിനകത്ത് പ്രവേശിക്കുമ്പോള്‍ ആരുടെയും കണ്ണില്‍ പെട്ടെന്ന് പെടാതിരിക്കുന്ന തരത്തിലുള്ളതാണ് മുറികള്‍.
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഇടുങ്ങിയ മുറികളാണു ഇതിനായി ഒരുക്കിയിരുന്നത്. പ്രത്യേകം ലൈറ്റുകളും ക്രമീകരിച്ചിരുന്നു. തന്മൂലം സ്ഥാപനത്തിനുള്ളില്‍ പ്രവേശിച്ചാല്‍ ഈ മുറികള്‍ കണ്ണില്‍പെടുക പ്രയാസമാകും.
റെയ്ഡിനെത്തിയ പോലീസും ഏറെ നേരമെടുത്താണ് ഈ ‘സ്പെഷല്‍’ സ്ഥലങ്ങള്‍ കണ്ടെത്തിയത്.
റെയ്ഡിനുശേഷം ഫോൺ സ്വിച്ച്ഓഫ്
അനാശാസ്യ ഇടപാടുകാരെ കണ്ടെത്തുന്നതിനായി ലൊക്കാന്‍ഡോ എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയതായിരുന്നു പല കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം.
ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നാളുകളായി പോലീസ് നിരീക്ഷത്തിലായിരുന്നു. സൈറ്റിലും സ്ഥാപത്തിനു മുമ്പിലും പ്രദര്‍ശിപ്പിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍ വ്യത്യസ്തമായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.
സൈറ്റില്‍ നല്‍കിയിട്ടുള്ള നമ്പറില്‍ ബന്ധപ്പെട്ടാല്‍ മാത്രമേ ഇടപാടുകളെ സംബന്ധിച്ച പൂര്‍ണ വിവരം ലഭ്യമാകൂ. സ്ഥാപനത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഇടപാടുകള്‍ വ്യക്തമാക്കിയിരുന്നില്ല. മുറിയെടുത്തശേഷം ആവശ്യങ്കെില്മാത്രം മറ്റ് സൗകര്യങ്ങള്‍ ഒരുക്കിനല്കുകയായിരുന്നു ചെയ്തിരുന്നത്.