പാലക്കാട്: പോലീസ് വേഷത്തിലെത്തി ദേശീയപാതയിൽ വ്യവസായികളെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം ഉൗർജിതം.
പ്രതികൾ കാട്ടുപാത കൊഴിഞ്ഞാന്പാറ വഴി തമിഴ്നാട്ടിലേക്കു കടന്നതായിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണം സംസ്ഥാനത്തിനു പുറമെ തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുന്നതെന്ന് കസബ പോലീസ് അറിയിച്ചു.
സിസി ടിവി ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ പിടിക്കുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതികൾ ഉടൻ പിടിയിലാകുമെന്നു കസബ സിഐ എൻ.എസ് രാജീവ് അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെയാണ് വ്യവസായികളായ കാവിൽപ്പാട് സ്വദേശി മുനീർ, കുന്നത്തൂർമേട് ഇന്ദിരാനഗർ നവനീത് എന്നിവരെ മരുതറോഡ് സ്ഥാപനത്തിനു സമീപം വച്ച് ചുവന്ന കാറിൽ പോലീസ് വേഷത്തിലെത്തിയ കവർച്ചാസംഘം തടഞ്ഞുനിർത്തി കാറിൽനിന്നു പുറത്തിറക്കി ആക്രമിച്ചത്.
അബോധാവസ്ഥയിലായ ഇരുവരെയും റോഡിൽ തള്ളി കാറുമായി കടന്നുകളയുകയായിരുന്നു. പരിക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷം കേരള-തമിഴ്നാട് അതിർത്തിയിൽ സമാന സംഭവം നടന്നിരുന്നു.