സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്തും മറ്റു സര്‍ക്കാര്‍ പദ്ധതികളിലും അന്വേഷണം ശക്തമാക്കി മുന്നോട്ടു പോകുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സിപിഎമ്മിലെ ഉന്നത നേതാവിന്റെ കുടുംബത്തിലേക്കും കടക്കുന്നു.
വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടു പ്രതിപക്ഷം ആരോപണമുന്നയിക്കുന്ന ബന്ധുവിന് നേരേയാണ് ഇഡിയും നീങ്ങുന്നത്.ശിവശങ്കറില്നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോണിലൂടെ ഇവരുമായി ബന്ധപ്പെട്ടതെന്നറിയുന്നു.
ശിവശങ്കറുമായി ബന്ധപ്പെട്ട സ്പ്രിംഗ്ളർ, മറ്റു ഐടി പ്രോജക്ടുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദീകരണമാണ് ചോദിച്ചത്. ശിവശങ്കറിന്റെ മൊഴിയില്‍നിന്നും ലഭിച്ച വിവരങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ വിളിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.
അടുത്ത ഘട്ടത്തിനു മുന്നോടിയായിട്ടുള്ള നടപടിക്രമം മാത്രമാണെന്നാണ് ഇഡി വൃത്തങ്ങളില്‍നിന്നും ലഭിക്കൂന്ന സൂചന. സ്വര്‍ണക്കടത്തിനു മുമ്പു തന്നെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണമായിരുന്നു സ്പ്രിംഗ്ളർ വിവാദം.
എന്നാല്‍ ഇതിനു ചുക്കാന്‍ പിടിച്ച ശിവശങ്കര്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടി സ്വയം കുറ്റം ഏറ്റെടുത്തിരുന്നു. ഈ കേസില്‍ ഉന്നതനും കുടുംബത്തിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ശിവശങ്കര്‍ കുറ്റം ഏറ്റെടുത്തതോടെ പാര്‍ട്ടിയും ഇയാളെ പഴിചാരി രക്ഷപ്പെടുകയായിരുന്നു.
ഇതിനു പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ അറസ്റ്റിലാകുന്നത്. നിലവില്‍ ജുഡീഷല്‍ കസ്റ്റഡിലുള്ള ശിവശങ്കറില്നിന്നും സ്വപ്നയില്‍നിന്നും സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ചുള്ള വിവരമെല്ലാം പണമൊഴുകിയ വഴികളെ കുറിച്ചും ഇഡി ശേഖരിച്ചു കഴിഞ്ഞു.
ഇതില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തികളെയാണ് ഇഡി വിളിച്ചു മൊഴിയെടുക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളിലെ കണ്‍സള്‍ട്ടന്‍സികളെ കുറിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പല ഐടി പദ്ധതികളിലും ബംഗളൂരു കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിക്കുള്ള കണ്‍സള്‍ട്ടന്‍സി ഫീസിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇതു കൂടാതെ കേരളത്തില്‍ വളര്‍ന്നുവന്ന പല ഐടി കമ്പനികളില്‍ നിന്നും ഒരുവിഹിതം ബംഗളൂരിലെ കമ്പനിക്കു ലഭിച്ചിരുന്നു. ഇതെല്ലാം അന്വേഷണപരിധിയില്‍ വരുന്നുണ്ട്.
കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി അകപ്പെട്ടതുപോലെ സിപിഎമ്മിലെ ഉന്നതരുടെ മക്കളിലേക്കും അന്വേഷണം നീളാനുള്ള സാധ്യതയേറുകയാണ്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് പണമിടപാടുകളും പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടു ബിനീഷിനെ അകത്തിട്ടിരിക്കുന്നത്. ഇതിനു പിന്നാലെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും രംഗത്തുണ്ട്.
ഇതെല്ലാം ബിനീഷ് ഉടന്‍ പുറത്തേക്കു വരില്ലെന്ന സൂചനയാണ് നല്‍കുന്നത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഓഫീസിലെ പ്രമുഖരിലേക്കു അന്വേഷണം നീളുന്നത്.
ഏതായാലും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനു ശേഷം മാത്രമേ മറ്റുള്ളവരെ വിളിച്ചുവരുത്തുകയുള്ളൂവെന്ന സൂചനയാണ് ലഭിക്കുന്നത്. രവീന്ദ്രനെ കൂടാതെ രണ്ട് സെക്രട്ടറിമാരും രണ്ടു ഐഎഎസ് ഉദ്യോഗസ്ഥരും ഇഡി ലിസ്റ്റിലുണ്ട്.
ഏതായാലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകാലത്തു സര്‍ക്കാരിനെ വരിഞ്ഞുമുറുക്കിയുള്ള അന്വേഷണവുമായി ദേശീയ ഏജന്‍സികള്‍ കേരളത്തില്‍ നിറയുകയാണ്.