* തദ്ദേശ തെരഞ്ഞെടുപ്പിനു സിപിഎമ്മും എൽഡിഎഫും സജ്ജമായോ? വിലയിരുത്തൽ?
സിപിഎമ്മും എൽഡിഎഫും പൂർണമായും സജ്ജമാണ്. കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവർത്തനം. ഓൺലൈൻ വഴിയും മറ്റും സന്പർക്കം സജീവമാണ്. കൂട്ടായ പ്രവർത്തനമാണ് നടത്തുന്നത്.
* കണ്ണൂർ കോർപറേഷൻ പ്രഥമ മേയർസ്ഥാനം സിപിഎമ്മിനായിരുന്നു. സിപിഎമ്മിനെ പിന്തുണച്ച സ്വതന്ത്ര കൗൺസിലർ പി.കെ. രാഗേഷിനെ ഡെപ്യൂട്ടി മേയറുമാക്കി. പിന്നീട് രാഗേഷിന്റെ പിന്തുണ നഷ്ടപ്പെട്ടപ്പോൾ മേയർ സ്ഥാനം പോയി. വരുന്ന തെരഞ്ഞെടുപ്പിൽ?
വിജയത്തിന്റെ കാര്യത്തിൽ സംശയമെന്ത്? കോർപറേഷനിൽ വലിയ ഭൂരിപക്ഷത്തോടെ ഭരണത്തിലെത്തും. കഴിഞ്ഞ പ്രാവശ്യം സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചയാളെ യുഡിഎഫ്, പ്രത്യേകിച്ച് കോൺഗ്രസ് കുതിരക്കച്ചവടം നടത്തിയാണ് സിപിഎമ്മിനെതിരേ അവിശ്വാസം കൊണ്ടുവന്നത്. ഇതു ജനങ്ങൾക്ക് അറിയാം.
* കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവും ജനതാദൾ വീരേന്ദ്ര കുമാർ വിഭാഗവും എൽഡിഎഫിന്റെ ഘടകകക്ഷിയായ നിലയിൽ?
ജോസ് കെ. മാണി വിഭാഗത്തിന്റെ വരവ് മലയോര മേഖലയിലെ എൽഡിഎഫിന്റെ വലിയ വിജയത്തിനു സഹായകരമാകും. വീരേന്ദ്രകുമാർ വിഭാഗത്തിന്റെ തിരിച്ചുവരവ് മുന്നണിക്കു കൂടുതൽ ശക്തി പകരും.
* എന്തായിരിക്കും തെരഞ്ഞെടുപ്പ് വിഷയം?
വികസനം, ക്ഷേമം. ഓരോ ജില്ലയിലെയും മുക്കിലും മൂലയിലും നടത്തിയ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടും.പ്രാദേശിക വിഷയങ്ങളും ചർച്ചചെയ്യും.
* യുഡിഎഫുമായി സഹകരിക്കുമെന്നാണ് വെൽഫെയർ പാർട്ടിയുടെ നേതൃത്വം പറയുന്നത്. ?
ദേശീയ രാഷ്ട്രീയത്തിൽ വർഗീയ തീവ്രവാദത്തിനെതിരായ ഒരു പൊതുവികാരം ശക്തമാണ്. എന്നാൽ, ഇതിനു തടസമാണ് കേരളത്തിൽ യുഡിഎഫും കോൺഗ്രസും സ്വീകരിക്കുന്ന സമീപനം.
ഒരു ഭാഗത്തു ബിജെപിയുമായും മറു ഭാഗത്ത് ജമാഅത്തെ ഇസ്ലാമിയുമായും കൂട്ടുചേരുകയാണ് അവർ. രണ്ടു കൂട്ടരും മതരാഷ്ട്രവാദികളാണ്.
ഇതു യുഡിഎഫിന്റെ തകർച്ചയ്ക്ക് ഇടയാക്കും. മാത്രമല്ല കോൺഗ്രസിന്റെ തന്നെ ദേശീയ നേതൃത്വം കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നു പറയുന്പോൾ അതല്ലെന്നു പറയുന്ന ഒരു സംസ്ഥാന കോൺഗ്രസ് നേതൃത്വമായി കെപിസിസി മാറി. യുഡിഎഫിലെ പലരും മുന്നണിവിട്ട് എൽഡിഎഫുമായി സഹകരിക്കുകയാണ്.
* സർക്കാരിനെതിരേ ഉയർന്നു കൊണ്ടിരിക്കുന്ന ആരോപണങ്ങളും ചില കേസുകളും തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന കാര്യം ഉറപ്പാണ്. ?
ആരോപണങ്ങൾ വെറും പുകമറയാണ്. ഇടതു സർക്കാരിന്റെ വികസന കാര്യങ്ങൾ ജനങ്ങളിൽനിന്നു മറച്ചുവയ്ക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗം. ഇതിലൊന്നും ജനം വീഴില്ല. മാധ്യമങ്ങൾ പലപ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
ഇതിനേക്കാൾ വെൽഫെയർ പാർട്ടി കോൺഗ്രസ്, യുഡിഎഫ് സഖ്യമായിരിക്കും ജനം ചർച്ച ചെയ്യുക. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയപ്പോൾ മൗദൂതി ഇവിടെ താമസിക്കാൻ ഉദ്ദേശിച്ചിട്ടില്ല. അയാൾ പാക്കിസ്ഥാനായിരുന്നു തെരഞ്ഞെടുത്തത്. ഈ നിലപാട് യുഡിഎഫിന്റെ നിലപാടിനു തന്നെ എതിരാണ്.
* സംസ്ഥാന ഭരണം നിയന്ത്രിക്കുന്നതു സിപിഎമ്മിലെ കണ്ണൂർ ലോബിയെന്നാണ് പറയപ്പെടുന്നത്?
ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഭരണം നടത്തുന്നത്. ജനങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ചവരാണ് മന്ത്രിമാരാകുന്നതും. അവരാണ് ഭരണം നടത്തുന്നത്. എൽഡിഎഫിന്റേതു കൂട്ടായ ഭരണമാണ്. അല്ലാതെ ഒരുപ്രത്യേക ലോബിയുടെയും നിയന്ത്രത്തിലുള്ള ഭരണമല്ല എൽഡിഎഫിന്റേത്.
* മുഖ്യശത്രു യുഡിഎഫ് ആണോ ബിജെപിയാണോ ?
മുഖ്യ ശത്രു എന്നു പറയുന്നത് യുഡിഎഫ്, ബിജെപി, ജമാഅത്തെ ഇസ്ലാമി. ഇവരുടെ കൂട്ടുകെട്ടാണ് മുഖ്യശത്രു. ഇവർ നാടിന്റെ മുഖ്യ ശത്രുക്കളാണ്.
* ബിജെപി, ആർഎസ്എസ് സംഘടനകൾ വർഗീയ ശക്തിയാണെന്നു പറയുന്പോൾ തന്നെ ഇരിട്ടിയിൽ ആർഎസ്എസ് നേതാവിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന് എംപി ഫണ്ടുപയോഗിച്ചു ശുചിമുറി നിർമിക്കാനുള്ള പദ്ധതിക്കു സിപിഎമ്മുകാരനായ ഇരിട്ടി മുനിസിപ്പൽ ചെയർമാൻ കൂട്ടു നിന്നെന്ന ആരോപണമുണ്ടല്ലോ?
ശുചിമുറി വിവാദവുമായി ബന്ധപ്പെട്ടു മുനിസിപാലിറ്റിയെയും ചെയർമാനെയും ഒരു കാര്യവുമില്ലാതെ വലിച്ചിഴയ്ക്കുകയായിരുന്നു. സുരേഷ് ഗോപി എംപിയുടെ പ്രാദേശിക വികസന ഫണ്ട് ദുരുപയോഗം ചെയ്യാനാണ് ആർഎസ്എസ് നേതാവ് ശ്രമിച്ചത്.
ഇതിനെ തടയുകയാണ് സിപിഎമ്മും മുനിസിപ്പൽ ചെയർമാനും ചെയ്തത്. എംപി ഫണ്ട് ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതു സുരേഷ് ഗോപിയാണ്.
സ്ഥലം മുനിസിപ്പാലിറ്റിക്കു നൽകി അവിടെ ശുചിമുറി നിർമിപ്പിച്ച് അവർക്കു വേണ്ടി ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് എംപിയും ആർഎസ്എസ് നേതാവും നടത്തിയത്. നിലവിൽ മുനിസിപ്പാലിറ്റിക്കു രജിസ്റ്റർ ചെയ്തു നൽകിയ ഭൂമി പൊതുജനാവശ്യത്തിന് ഉപയോഗിക്കും.
* കെ.എം. ഷാജി എംഎൽഎയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ?
ഞങ്ങൾ പറഞ്ഞില്ലെങ്കിൽ പോലും ഈ കോഴ സംഭവം യുഡിഎഫിനും ലീഗിനും എതിരായിട്ടുള്ള വികാരമായി ഉയർന്നു വരും. സംസ്ഥാനത്ത് ലീഗിന്റെ മൂന്ന് എംഎൽഎ മാർക്കെതിരേയാണ് കേസുകൾ വന്നത്. ഒരു പക്ഷേ തെരഞ്ഞെടുപ്പിനിടയ്ക്ക് ഇവരെല്ലാം ജയിലിൽ പോകേണ്ടിയും വന്നേക്കും.
* സിപിഎമ്മിന്റെ കണ്ണൂർ മുഖങ്ങളാണ് മന്ത്രി ഇ.പി. ജയരാജനും പി. ജയരാജനും താങ്കളും. ജയരാജൻമാർ എന്നാണ് രാഷ്ട്രീയ മണ്ഡലത്തിൽ അറിയപ്പെടുന്നതും . മുൻ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ വടകര ലോക്സഭയിലേക്കു മത്സരിക്കുന്ന വേളയിൽ സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റ പി. ജയരാജനു കണ്ണൂർ ജില്ലാസെക്രട്ടറി സ്ഥാനം തിരിച്ചു നൽകാതിരുന്നത് ഒതുക്കലിന്റെ ഭാഗമായെന്ന് ആരോപണം ഉയർന്നിരുന്നു. പി. ജയരാജനാകട്ടെ ഇപ്പോൾ പഴയ പോലെ സജീവവുമല്ല. ഇതേ കുറിച്ച് എന്താണ് പറയുന്നത്?
എല്ലാ ജയരാജൻമാരും മുന്നോട്ടു തന്നെയാണ്. ആരു പിറകോട്ടു പോകില്ല. ആരും ഒതുങ്ങി നിൽക്കുന്നുമില്ല. ഒതുങ്ങി നിൽക്കുന്നു എന്നു പറയുകയാണെങ്കിൽ ഏറ്റവും നന്നായി ഒതുങ്ങി നിൽക്കുന്നത് എം.വി. ജയരാജനാണ്.
നമ്മളിപ്പോ എത്രയോ കാലമായി ഇങ്ങിനെ ഒതുങ്ങി ഒതുങ്ങി നിൽക്കയല്ലേ ചെയ്യുന്നത്. ഈ ഒതുക്കം എന്നു പറയുന്നത് എന്ത്ന്നാ, ഒരു സ്ഥലത്തു വണ്ടി സ്റ്റോപ്പ് ചെയ്തു നിർത്തുന്നതാണെങ്കിൽ ഞാനാണത്.
* കൂത്തുപറന്പ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു കിടപ്പിലായ സിപിഎം പ്രവർത്തകൻ പുഷ്പന്റെ സഹോദരൻ ശശി ബിജെപി അംഗത്വമെടുത്തത് സിപിഎമ്മിനെതിരേ ആയുധമാണല്ലോ?
ഇതിൽ പുഷ്പൻ തന്നെ പറഞ്ഞിട്ടുണ്ട്. കുടുംബസ്വത്ത് മറ്റുള്ള സഹോദരങ്ങൾക്കു കൊടുക്കാതെ തട്ടിയെടുക്കാൻ നോക്കി ഇപ്പോൾ കുടംബത്തിൽനിന്ന് അകന്നയാളാണ് ബിജെപിയിൽ ചേർന്നത്. കുടുംബത്തിൽ പോലും സഹോദരങ്ങളെ ഒന്നായി കാണാൻ കഴിയാത്ത ആൾ എവിടെ പോയിട്ട് എന്തു കാര്യം.
* ഏറെ ചർച്ച ചെയ്യപ്പെട്ടല്ലോ താങ്കളുടെ ശുംഭൻ പ്രയോഗവും കാപ്സ്യൂൾ പ്രയോഗവും. എങ്ങിനെ വിലയിരുത്തുന്നു?
ജനങ്ങളുടെ മനസ് അറിയാത്ത ചില ജഡ്ജിമാരെക്കുറിച്ചു പരാമർശിക്കേണ്ടി വന്നപ്പോഴാണ് ശുംഭൻ എന്ന പ്രയോഗം നടത്തിയത്. ശരി മാത്രമേ പറഞ്ഞിട്ടുള്ളൂ, ഒരു കുറ്റബോധമില്ല. അതിന്റെ പേരിൽ ജയിൽവാസവും അനുഭവിച്ചു.
ഇനി ക്യാപ്സ്യൂൾ എന്ന പ്രയോഗത്തെ കുറിച്ച്, പുസ്തക പ്രസാധകർ ചെയ്യുന്ന ഒരു കാര്യമുണ്ട്. ബൃഹത്തായ പുസ്കത്തിന്റെ ആറ്റിക്കുറുക്കിയ കണ്ടന്റ്- അതിന്റെ സംഗ്രഹം- പ്രസിദ്ധീകരിക്കുക എന്നത്. ഇപ്പോഴിത് പുസ്കങ്ങളുടെ കാര്യത്തിൽ മാത്രമല്ല.
പ്രധാനമന്ത്രി മുതൽ താഴെയുള്ള സാധാരണക്കാരൻ വരെ ചെയ്യുന്നുണ്ട്. സമയം ഓരോരുത്തർക്കും വിലപ്പെട്ടതാണ്. അപ്പോ പറയാനുള്ള കാര്യങ്ങൾ ആറ്റിക്കുറുക്കിയതായിരിക്കണം എല്ലാ കാര്യങ്ങളിലും. ബൃഹത്തായത് വേറെ കൊടുക്കാവുന്നതാണ്.
ഇക്കാര്യത്തിലൊന്നും ഒരു പിശകുമില്ല. ഇതു തന്നെയാണ് ഞാൻ പറഞ്ഞത്. ജനങ്ങളിൽ എത്തിക്കേണ്ട വസ്തുതകൾ പെട്ടെന്നു മനസിലാക്കാൻ കഴിയുന്ന രീതിയിലുള്ള സംഗ്രഹമാണ്. അതു തന്നെയാണ് ക്യാപ്സ്യൂൾ എന്നതിലൂടെ ഉദ്ദേശിച്ചത്.
* വായനയ്ക്ക് സമയം കണ്ടെത്തുന്ന വ്യക്തിയാണ് താങ്കൾ. ജയിലിൽ കഴിയുന്പോൾ ഭഗവത് ഗീത ഉൾപ്പെടെയുള്ള ആധ്യാത്മിക ഗ്രന്ഥങ്ങൾ വായിച്ചു.. ആധ്യാത്മികം, രാഷ്ട്രീയം എന്നിവയിൽ താങ്കളുടെ കാഴ്ചപ്പാട്?
ഭഗവത് ഗീത, ബൈബിൾ, ഖുറാൻ ഉൾപ്പെടെയുള്ളവയെല്ലാം വായിച്ചു. വായന എന്നു പറഞ്ഞാൽ, ഏത് ഗ്രന്ഥങ്ങളും വായിക്കേണ്ടതാണ്. എന്നാൽ, മതവും രാഷ്ട്രീയവും കൂട്ടിക്കലർത്താൻ പാടുള്ളതല്ല. മതത്തെ രാഷ്ട്രീയത്തിൽനിന്നു വേർപെടുത്തണം.
മതനിരപേക്ഷ ഭരണ ഘടനയനുസരിച്ചു പ്രവർത്തിക്കേണ്ടവരാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ. എന്നാൽ, രാമക്ഷേത്ര പൂജയിൽ പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും രാഷ്ട്രീയത്തിൽ മതത്തെ കൂട്ടിക്കലർത്തി.
നരേന്ദ്ര മോദിയെന്നയാൾക്കും യോഗി ആദിത്യനാഥ് എന്നയാൾക്കും വ്യക്തികളെന്ന നിലയിൽ പൂജകളിൽ പങ്കെടുക്കാം. പക്ഷേ, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നീ പദവികളിലിരുന്ന് ഒരു മതത്തിന്റെ മാത്രം ചടങ്ങിൽ പങ്കെടുക്കുന്നതു മതനിരപേക്ഷതയ്ക്കു വിരുദ്ധമാണ്. വിശ്വാസത്തെ ബഹുമാനിച്ചും മതത്തെ ആദരിച്ചും കൊണ്ടു പോകണം. എന്നാൽ, മതത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാൻ പാടില്ല.
ലേഖകൻ- നിശാന്ത് ഷോഘ്