പത്തനംതിട്ട: മണ്ഡലകാല മഹോത്സവത്തിനു തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം തുറക്കും. നാളെ അയ്യപ്പഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
തിങ്കളാഴ്ച മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തീര്‍ഥാടകരെ കടത്തിവിടും.ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം നാളെ രാത്രി നടക്കും.
തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. ശബരിമല മേല്‍ശാന്തിയായി തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൂപ്പത്തി വാരിക്കാട്ട് മഠത്തില്‍ വി.കെ. ജയരാജ് പോറ്റി ശബരിമല ക്ഷേത്രമേല്ശാന്തിയായും അങ്കമാലി വേങ്ങൂര്‍ മൈലക്കാട്ടത്ത് മനയില്‍ എ.എന്‍. രജികുമാര്‍ (ജനാര്ദ്ദനന് നമ്പൂതിരി) മാളികപ്പുറം മേല്‍ശാന്തിയായും സ്ഥാനാരോഹണം ചെയ്യപ്പെടും.
40 ദിവസം നീളുന്ന മണ്ഡലവ്രതാരംഭം തിങ്കളാഴ്ചയാണ് ആരംഭിക്കുന്നത്. പ്രതിദിനം 1000 തീര്‍ഥാടകരെ വീതം ശബരിമലയില്‍ പ്രവേശിക്കും.
ദര്‍ശനത്തിനെത്തുന്നവരും ജോലിക്ക് നിയോഗിക്കപ്പെടുന്നവരുമടക്കം എല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നു നിര്‍ദേശമുണ്ട്. നിലയ്ക്കല്‍ ഇടത്താവളത്തില്‍ കോവിഡ് പരിശോധനാ സൗകര്യം ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്.
ശബരിമല പൂങ്കാവനം മദ്യവിമുക്ത മേഖല
പത്തനംതിട്ട: ശബരിമല പൂങ്കാവനം പ്രദേശം മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ബി. വേണുഗോപാലക്കുറുപ്പ് അറിയിച്ചു.
പെരുനാട്, കൊല്ലമുള വില്ലേജ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ 2021 ജനുവരി 20 വരെയാണ് മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുളളത്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ താത്കാലിക എക്സൈസ് റേഞ്ച് ഓഫീസുകള്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ ഓഫീസുകളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി പമ്പയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് എക്സൈസ് കണ്ട്രോള് റൂം ആരംഭിച്ചു.
ഉത്സവത്തിന് മുന്നോടിയായി ളാഹ മുതല്‍ സന്നിധാനം വരെ വിവിധ ഭാഷകളിലുളള മദ്യനിരോധനം സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. റാന്നി എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചു.