ന്യൂഡൽഹി: ചെറിയൊരിടവേളയ്ക്കുശേഷം പാക്കിസ്ഥാൻ അതിർത്തി വീണ്ടും സംഘർഷഭരിതമാകുന്നു.
വെള്ളിയാഴ്ച പാക് സൈന്യം നടത്തിയ വെടിവയ്പിൽ അഞ്ചു ജവാന്മാരും ആറു ഗ്രാമവാസികളും കൊല്ലപ്പെട്ടത്തിനു പിന്നാലെ പാക് ഹൈമ്മീഷൻ ആക്ടിംഗ് ഹെഡ് അഫ്താബ് ഹസൻ ഖാനെ വിളിച്ചുവരുത്തി ഇന്ത്യ ഇന്നലെ അതൃപ്തി അറിയിച്ചു.
രാജസ്ഥാനിൽ സൈനികർക്കൊപ്പം ഇന്നലെ ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് ആക്രമണത്തെ ശക്തമായി അപലപിച്ചു രംഗത്തെത്തി.
നിഷ്കളങ്കരായ ഗ്രാമവാസികളെ ഉന്നംവച്ചുള്ള ആക്രമണമെന്നു വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു. വെള്ളിയാഴ്ച പാക് ബങ്കറുകൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ എട്ടു സൈനികരെ വധിച്ചു.
12 പേർക്കു പരിക്കേറ്റു. കൂടാതെ, പാക്കിസ്ഥാന്റെ അതിർത്തിയിലെ ആയുധപ്പുരകളും ഇന്ധനസംഭരണികളും ഇന്ത്യ തകർത്തിരുന്നു.
അതേസമയം, ഇന്നലെ പാക് സൈനിക ഉദ്യോഗസ്ഥർ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയാണെന്നും തങ്ങളുടെ പക്കൽ തെളിവുണ്ടെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ആരോപിച്ചു.
പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. ചൈനയുമായുള്ള സാന്പത്തിക സഹകരണം തകർക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
തെളിവുകൾ യുഎന്നിനു കൈമാറുമെന്നും ഖുറേഷി പറഞ്ഞു. സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിക്കറും പത്രസമ്മേളനത്തിനെത്തിയിരുന്നു. പാക്കിസ്ഥാനിൽ ഇന്ത്യ ആക്രമണപരന്പരകൾ നടത്താൻ പദ്ധതിയിട്ടതിന്റെ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്ന് ബാബർ ഇഫ്തിക്കർ അവകാശപ്പെട്ടു.
വെള്ളിയാഴ്ച ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ രണ്ടുതവണ വിളിച്ചുവരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു.ഇന്ത്യയും പാക്കിസ്ഥാനും കടുംപിടിത്തം ഉപേക്ഷിക്കണമെന്ന്പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
ഇരുപക്ഷത്തും നിരവധി പേർ മരിച്ചുവീഴുകയാണ്. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയും പാക് മുൻ പ്രസിഡന്റ് ജനറൽ പർവേഷ് മുഷാറഫും തുടങ്ങിവച്ച വെടിനിർത്തൽ കരാറിൽനിന്നു വീണ്ടും തുടങ്ങണം.
കടുംപിടിത്തം ഉപേക്ഷിച്ച് സമാധാനപരമായി പ്രശ്നപരിഹാരത്തിനു ശ്രമിക്കണം-അവർ ആവശ്യപ്പെട്ടു.
ചുട്ട മറുപടി നല്കും: പ്രധാനമന്ത്രി
ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യൻ ശക്തിയെ ആരെങ്കിലും പരീക്ഷിക്കാൻ ശ്രമിച്ചാൽ തക്ക മറുപടി നൽകുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജസ്ഥാനിലെ ജയ്സാൽമീറിലെ ലോംഗേവാല പോസ്റ്റിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു സംസാരിക്കുകയായിരുന്നു മോദി.
മറ്റുള്ളവരെ മനസിലാക്കുകയും അവരെ മനസിലാക്കിക്കുകയും ചെയ്യുക എന്നാണ് ഇന്ത്യയുടെ നയം. എന്നാൽ, അതിർത്തിയിൽ ആരെങ്കിലും പരീക്ഷണങ്ങൾക്കു മുതിർന്നാൽ തക്ക മറുപടി നൽകിയിരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്നതിൽനിന്ന് ലോകത്തെ ഒരു ശക്തിക്കും ഇന്ത്യൻ സൈനികരെ തടയാനാവില്ല.
രാജ്യതാത്പര്യം സംരക്ഷിക്കുന്നതിൽ തരിന്പു പോലും ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ലോകത്തിന് ഇപ്പോൾ അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സൈനികരുടെ അടുത്തേക്കു പോവാതെ തന്റെ ദീപാവലി ആഘോഷം പൂർണമാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“നിങ്ങൾ എവിടെയോ ആവട്ടെ, നിങ്ങളിലേക്കു വരാതെ എന്റെ ദീപാവലി പൂർണമാവില്ല. ഓരോ ഇന്ത്യക്കാരന്റെയും ആശംസയുമായാണ് ഞാൻ വന്നിരിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.
ഓരോ ഇന്ത്യക്കാരനും സൈനികരെ ഓർത്ത് അഭിമാനിക്കുന്നു. രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിലും അതിനെ വെല്ലുവിളിക്കുന്നവർക്കു ചുട്ട മറുപടി കൊടുക്കുന്നതിലും ഇന്ത്യ കരുത്തു കാണിച്ചിട്ടുണ്ട്. രാജ്യതാത്പര്യങ്ങളിൽ ഇന്ത്യ തരിന്പു പോലും വിട്ടുവീഴ്ച ചെയ്യില്ലെന്നു ലോകത്തിനറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.