കോട്ടയം: എൽഡിഎഫിന്റെ ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റുവിഭജനം പൂർത്തിയാക്കുന്പോൾ എൻസിപിക്കും ജനതാദളിനും സീറ്റ് ഇല്ല. ജോസ് വിഭാഗത്തിന്റെ കടന്നു വരവും നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള നീക്കവുമാണ് എൻസിപിക്കും ജനതാദളിനും ഇത്തവണ മത്സര രംഗത്തു നിന്നും മാറിനിൽക്കേണ്ടി വന്നിരിക്കുന്നത്.
അതുകൊണ്ടു തന്നെ ഗ്രാമ, ബ്ലോക്ക്, നഗരതലങ്ങളിൽ എൻസിപിക്കും ജനതാദളിനും കൂടുതൽ പരിഗണന നൽകും. ഇവർക്കൊപ്പം ജനാധിപത്യ കേരള കോണ്‍ഗ്രസും സീറ്റിനായി അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
സീറ്റു പിടിച്ചു വാങ്ങിയതിൽ കഴിഞ്ഞതവണ മത്സരിച്ച എൻസിപിയും ജനതാദളും പ്രതിഷേധിച്ചെങ്കിലും സിപിഎം നിർദേശത്തിനു വഴങ്ങുകയായിരുന്നു.
എൻസിപിക്ക് ഉഴവൂർ ബ്ലോക്ക് രാമപുരം ഡിവിഷനും വൈക്കം ബ്ലോക്ക് പൊതി ഡിവിഷനും മറ്റിടങ്ങളിൽ പരിഗണയും നൽകാമെന്നുള്ള അനുരഞ്ജന ചർച്ചയാണ് നടന്നത്.
ജനാധിപത്യ കേരള കോണ്‍ഗ്രസിനു പൂഞ്ഞാറിലും ചങ്ങാശേരിയിലും താഴേ തട്ടിൽ സീറ്റു നൽകാമെന്നും സിപിഎം അറിയിച്ചു. സീറ്റുകളെ സംബന്ധിച്ച് മൂന്നു പാർട്ടികളുമായി ഇന്നു രാവിലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി.
22 അംഗ ഡിവിഷനിൽ സിപിഎമ്മും കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗവും ഒന്‍പതു സീറ്റുകളിൽ വീതവും സിപിഐ നാല് സീറ്റിലുമാണ് മത്സരിക്കുന്നത്. അതു ഏതൊക്കെ സീറ്റുകളാണെന്നതു ഇന്നു അന്തിരമ തീരുമാനമാകും.
ജോസ് വിഭാഗത്തിന്റെ വരവ് സിപിഐയ്ക്കു നഷ്ടമുണ്ടാക്കുമെന്നു കരുതിയെങ്കിലും സിപിഐ ജില്ലാ നേതൃത്വം കടുത്ത നിലപാടിൽ നിന്നതോടെയാണ് നാലു സീറ്റിൽ മൽസരിക്കാനാവുന്നത്.