സ്വന്തം ലേഖകന്‍
കൊച്ചി: ഡോളര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേര്‍ത്തു അറസ്റ്റിലേക്ക് നീങ്ങാന്‍ കസ്റ്റംസ് തയാറെടുക്കുന്നു.
ഇന്നു പ്രതിചേര്‍ത്തശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് സാധ്യത. അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇഡി കേസില്‍ റിമാന്‍ഡ് പ്രതിയായി കാക്കനാട്ടെ ജില്ലാ ജയിലില്‍ കഴിയുന്ന ശിവശങ്കറിനെ ഇന്നു ചോദ്യം ചെയ്യുന്നത്.
അനുമതി വൈകിട്ട് അഞ്ചുവരെ
ശിവശങ്കര്‍ നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതിയാണെന്നു സംശയിക്കുന്നതായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കസ്റ്റംസ് ബോധിപ്പിച്ചിട്ടുണ്ട്.
സ്വര്ണക്കള്ളക്കടത്തിലടക്കം ശിവശങ്കറിന്റെ ഒത്താശയുണ്ടായിരുന്നെന്ന സ്വപ്ന സുരേഷിന്റെ മൊഴി എന്‍ഫോഴ്സ്മെന്റിനു ലഭിച്ച പശ്ചാത്തലത്തിലാണ് കസ്റ്റംസ് നീക്കം. വൈകിട്ട് അഞ്ചുവരെ ചോദ്യംചെയ്യാൻ അനുമതി ലഭിച്ചിട്ടുണ്ട്.
അഭിഭാഷകനെ ബന്ധപ്പെടാന്‍ ശിവശങ്കറിനെ അനുവദിക്കണം. രണ്ടുമണിക്കൂറിലധികം ചോദ്യംചെയ്യുകയാണെങ്കില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണമെന്നും കോടതി നിര്‍ദേശമുണ്ട്. ചോദ്യംചെയ്യലിനുശേഷം സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണു നീക്കം.
കസ്റ്റംസും അറസ്റ്റിന്
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ സംശയനിഴലിലാണെന്നാണ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ കസ്റ്റംസ് പറയുന്നത്. ഡോളര്‍ക്കടത്ത് കേസിനെക്കുറിച്ചും കസ്റ്റംസ് ചോദിച്ചറിയും.
ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുമുണ്ടായേക്കും. നയതന്ത്ര ബാഗ് വിട്ടുനല്‍കാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചതു സംബന്ധിച്ചും ചോദ്യങ്ങളുമുണ്ടാകും.
രണ്ടുകേസിലും പ്രതിചേര്‍ക്കാന്‍ അനുമതി ലഭിച്ചാലുടന്‍ അറസ്റ്റിലേക്ക് കടക്കും. ഇഡി കേസില്‍ ശിവശങ്കറിന് നാളെ ജാമ്യം ലഭിച്ചാലും വീണ്ടും അറസ്റ്റിലാകാനുള്ള സാധ്യതയാണു തെളിയുന്നത്.
ശിവശങ്കറിനെ ആദ്യം കസ്റ്റഡിയില്‍ എടുക്കാന്‍ പദ്ധതിയിട്ടത് കസ്റ്റംസായിരുന്നു. ശിവശങ്കറിന്റെ വീട്ടിലെത്തി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തി നോട്ടീസ് നല്കി. തുടര്‍ന്ന് കസ്റ്റംസ് വാഹനത്തില്‍ കയറ്റി.
എന്നാല്‍ അസുഖം അഭിനയിച്ച് ചോദ്യം ചെയ്യല്‍ ഒഴിവാക്കി. പിന്നീട് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതോടെ ഇഡി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അങ്ങനെ കസ്റ്റംസില്‍ നിന്ന് വഴുതി പോയ ശിവശങ്കറെയാണ് കാക്കനാട്ടെ ജയിലില്‍ ചോദ്യം ചെയ്യുന്നത്.
ആ ഒരു കോടി ആരുടെ?
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ ലോക്കറില്‍ നിന്നു ലഭിച്ച ഒരു കോടി രൂപ ആരുടേത് എന്ന ചര്‍ച്ചകള്‍ക്കിടെയാണ് ചോദ്യം ചെയ്യല്‍. ശിവശങ്കർ നൽകുന്ന മറുപടി അദ്ദേഹത്തിനു മാത്രമല്ല കസ്റ്റംസിനും നിര്‍ണായകമാണ്.
ലോക്കറില്‍നിന്ന് എന്‍ഐഎ കണ്ടെടുത്ത ഒരുകോടി രൂപ സ്വര്‍ണക്കടത്തില്‍ സ്വപ്നയ്ക്കു ലഭിച്ച പ്രതിഫലമാണെന്നാണു കസ്റ്റംസും എന്‍ഐഎയും കണ്ടെത്തിയത്. ലോക്കറിലെ പണം, ലൈഫ് മിഷന് പദ്ധതിയില്‍ ശിവശങ്കറിനു ലഭിച്ച കോഴയാണെന്നാണ് ഇഡിയുടെ വാദം.
MDVര്ണക്കടത്തിന്റെ ബുദ്ധികേന്ദ്രം ശിവശങ്കറാണെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഇഡി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ലോക്കറിലെ പണവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ നിര്‍ണായകമാകും. ശിവശങ്കറെ ചോദ്യം ചെയ്യാന്‍ അനുമതി തേടി സംസ്ഥാന വിജിലന്‍സും ഇന്ന് കോടതിയെ സമീപിക്കും.